സാക്ഷിയായ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി; നടക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്തത്; വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍

By RK.22 01 2022

imran-azhar

 

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

 

വിചാരണ കോടതിയില്‍ സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി. വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രഹസ്യ വിചാരണ നടക്കുന്നതിനാല്‍ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല.

 

വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പി എ ഷാജിയാണ് എതിര്‍വാദം നടത്തുന്നത്.

 

ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാക്ഷി പറയാന്‍ പോയ 22 പേരില്‍ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ ഗൂഡാലോചനക്ക് അപ്പുറത്തേക്ക് അപായപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

 

ഈ ഘട്ടത്തില്‍ അങ്ങനെയെങ്കില്‍ ഇതില്‍ അന്വേഷണം ആവശ്യമില്ലേയെന്നും വസ്തതുതകള്‍ പുറത്ത് വരേണ്ടതില്ലേയെന്നും കോടതി ചോദിച്ചു.

 

 

OTHER SECTIONS