ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; എട്ടു മണിക്കൂര്‍ നീണ്ടു; ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി സൂചന

By RK.13 01 2022

imran-azhar

 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന പൂര്‍ത്തിയായി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ നടത്തിയ പരിശോധന എട്ട് മണിക്കൂര്‍ നീണ്ടു.

 

കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പരിശോധനയില്‍ കണ്ടെടുത്തതായാണ് വിവരം. പരിശോധനയുടെ പ്രധാന ലക്ഷ്യം തോക്ക് കണ്ടെത്തുകയായിരുന്നു. എന്നാല്‍, ദിലീപിന്റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന.

 

രാവിലെ 11:30-ഓടെയാണ് ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടില്‍ അന്വേഷണ സംഘം എത്തിയത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തി.

 

കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍, ആര്‍ക്കൊക്കെയാണ് ഈ പണം നല്‍കിയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് പണം പോയിട്ടുള്ളത് എന്നിവയെല്ലാം പരിശോധിക്കാനായി ബില്ലുകളും രേഖകളും പിടിച്ചെടുത്തു.

 

ദിലീപിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം ഹാര്‍ഡ് ഡിസ്‌കുകളും അതുമായി ബന്ധപ്പെട്ട വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത്.

 

 

OTHER SECTIONS