By Veena Viswan .15 01 2021
ന്യൂയോര്‍ക്ക്: അമേരിക്കന്‍ യുവനടിയും നാച്ചുറോപതിക് ഫിസിഷ്യനുമായിരുന്ന ജെസീക്ക കാംപെല്‍(38) അന്തരിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് മരണവിവരം പുറത്തുവിട്ട കുടുംബം അറിയിച്ചത്.
ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും താരത്തിന്റെ ജീവന് രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ഫിസിഷ്യനായി ജോലി തുടരുകയായിരുന്നു ജെസീക്ക.
1992-ല്‍ പുറത്തിറങ്ങിയ ഇന്‍ ദി ബെസ്റ്റ് ഇന്ററസ്റ്റ് ഓഫ് ദി ചില്‍ഡ്രന്‍' എന്ന ടി.വി. മൂവിയിലൂടെയാണ് ജെസീക്ക അഭിനയരംഗത്തേക്ക് എത്തുന്നത്.മാത്യു ബ്രോഡെറിക്ക്, റീസെ വിതെര്‍സ്പൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ഇലക്ഷന് എന്ന കോമഡി സറ്റയറിന്റെ ഭാഗമാവുമായി. ഈ ചിത്രത്തിലൂടെയാണ് ജെസീക്ക ശ്രദ്ധനേടുന്നത്.
തുടര്‍ന്ന് 2000-ല്‍ പുറത്തിറങ്ങിയ ഫ്രീക്ക്സ് ആന്‍ഡ് ഗീക്ക്സ് എന്ന സീരീസിലും ശ്രദ്ധേയമായ വേഷം ലഭിച്ചു. ഡാഡ്സ് ഡേ, ജങ്ക്, ദി സേഫ്റ്റി ഓഫ് ഒബ്ജെക്റ്റ് എന്നിവയാണ് ജെസീക്കയുടെ മറ്റു പ്രധാന ചിത്രങ്ങള്‍. താരത്തിന് പത്തുവയസുള്ള ഒരു മകനുണ്ട്.