'മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും അയക്കുമെന്ന് ഭീഷണിപ്പെടുത്തി'; വിങ്ങിപ്പൊട്ടി നടി

By priya.27 09 2022

imran-azhar

 

ചെന്നൈ: ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ കെണിയില്‍ പെട്ട് പണവും മാനവും പോയെന്ന് തമിഴ് തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ചെയ്ത് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും അയക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടി വെളിപ്പെടുത്തി.

 

തമിഴ് സീരിയലകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്.

 

ലക്ഷ്മി പറയുന്നത് ഇങ്ങനെ:

 

''അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11ന് ഫോണിലേക്ക് സന്ദേശം വന്നു. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. പിന്നാലെ ഫോണ്‍ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങള്‍ ലഭിച്ചതോടെയാണു തട്ടിപ്പിനിരയായെന്നു മനസ്സിലായത്.

 

ദിവസങ്ങള്‍ കഴിഞ്ഞതോടെ ഭീഷണിയായി. മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കളടക്കം വാട്‌സാപ് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേര്‍ക്കും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അയച്ചു.'' വിങ്ങിപ്പൊട്ടി ലക്ഷ്മി പറഞ്ഞു.

 

സെക്കന്ദരാബാദ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും താരം അറിയിച്ചു. ഇനി ആരും ഇത്തരം ചതിയില്‍പെടരുതെന്ന് അഭ്യര്‍ഥിച്ചാണു വീഡിയോ സന്ദേശം അവസാനിക്കുന്നത്. സീരിയലുകള്‍ക്ക് പുറമെ നിരവധി തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

 

 

OTHER SECTIONS