തിരുവനന്തപുരം വിമാനത്താവളം അദാനി വിടുന്നു

By online desk.31 01 2020

imran-azharതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്‍വാങ്ങുന്നു. സംസ്ഥാന സര്‍ക്കാരുമായി തത്കാലം യുദ്ധത്തിനില്ലെന്നാണ് ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്. നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലാണ് അദാനി സംസ്ഥാനത്ത് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.

 

ടെന്‍ഡര്‍ വിജയിച്ചെങ്കിലും വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണുകയും സ്വകാര്യവത്കരണം തടയണമെന്നും സംസ്ഥാനം വിമാനത്താവളം ഏറ്റെടുക്കാമെന്നും അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനു (ടിയാല്‍) നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

 

അദാനി ഗ്രൂപ്പിന്റെ കമ്പനിക്കു സമാനമായി ടെന്‍ഡര്‍ നല്‍കാം എന്നതുള്‍പ്പെടെയുള്ള സന്നദ്ധതയും അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം ഇതുവരെ അനുകൂല തീരുമാനമെടുത്തില്ല. അതോടെ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത് അനന്തമായി നീളുകയായിരുന്നു. രാജ്യത്തെ ആറ് വിമാനത്താവളങ്ങളാണ് ആഗോള ടെന്‍ഡറിലൂടെ അദാനി സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ അടുത്ത എതിര്‍പ്പാണ് തിരുവനന്തപുരം ഏറ്റെടുക്കാനാകാത്തത്.

 

അദാനി ഗ്രൂപ്പ് തിരുവനന്തപുരം ഉള്‍പ്പെടെ വിമാനത്താവളങ്ങളുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപവല്‍ക്കരിച്ചിരുന്നു. 8000 കോടി രൂപയാണ് കമ്പനിക്കായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ ഒരു വിഹിതം തിരുവനന്തപുരത്തിനും മാറ്റിവച്ചിട്ടുണ്ട്.രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനുള്ള ടെന്‍ഡര്‍ കാലാവധി നാളെ അവസാനിക്കാനിക്കും.

 

വിമാനത്താവളം കൂടി സ്വന്തമാക്കുന്നതോടെ കാര്‍ഗോ സര്‍വീസ് ശക്തമാക്കാനുള്ള നീക്കത്തിലായിരുന്നു അദാനി. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുന്നതോടെ കപ്പല്‍ മാര്‍ഗം ചരക്കുഗതാഗതം സുഗമമാക്കാനായി പ്രദേശത്ത് സര്‍വെയും നടത്തിയിരുന്നു. അതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തു വന്നത്.

 

അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മാണം പറഞ്ഞ സമയം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്തതിനാല്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്നും അദാനി പിന്‍മാറുന്നതെന്നും സൂചനയുണ്ട്. പറഞ്ഞ സമയത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വന്‍ തുക പിഴയായി സര്‍ക്കാരിന് അദാനി നല്‍കേണ്ടി വരും. ഇതൊഴിവാക്കുക എന്ന ലക്ഷ്യമാണ് അദാനിക്കെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.

 

വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പണിയാനായി 18 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യമേഖല്ക്കു നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണക്കത്ത് (ലെറ്റര്‍ ഓഫ് കോ ഓപ്പറേഷന്‍) ഇല്ലാതെ ടെന്‍ഡര്‍ നല്‍കാനാകില്ലെന്നാണ് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന്റെ നിലപാട്.

 

വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള ഹര്‍ജികളും ടെന്‍ഡറില്‍ ഒന്നാമതെത്തിയ അദാനി ഗ്രൂപ്പിനെ മാറ്റി സംസ്ഥാന സര്‍ക്കാരിനു കരാര്‍ നല്‍കാനുള്ള നീക്കങ്ങളെ ചോദ്യം ചെയ്തു ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് കാലാവധി 31 വരെ നീട്ടിയിരുന്നു. മുന്‍ തീരുമാനപ്രകാരം ജൂലൈ 30 ആയിരുന്നു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തീയതി. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കാലാവധി 3 മാസത്തേക്കു നീട്ടി.

 

 

OTHER SECTIONS