അദാനി - ഉമ്മന്‍ചാണ്ടി ചര്‍ച്ച; നിര്‍ബന്ധിച്ചത് വിസില്‍, വിലപേശല്‍ അവസരം നഷ്ടപ്പെടുത്തി

By online desk.25 07 2019

imran-azhar

 

തിരുവനന്തപുരം: കരാര്‍ ഉറപ്പിക്കുന്നതിന് അദാനി പോര്‍ട്ട്‌സ് ലിമിറ്റഡ് ഉടമ ഗൗതം അദാനിയുമായി ചര്‍ച്ച നടത്തുന്നതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിര്‍ബന്ധിച്ചത് വിഴിഞ്ഞം അന്താരാഷ്ട തുറമുഖ കമ്പനി. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശങ്ങള്‍ ഏതു സാഹചര്യത്തിലാണെന്നും കാരണക്കാര്‍ ആരെന്നും കണ്ടെത്താനുള്ള ജുഡീഷ്യല്‍ കമ്മിഷന്റെ അന്വേഷണത്തിലാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡി (വിസില്‍)ന്റെ ഇടപെടല്‍ കണ്ടെത്തിയത്. അദാനി ഗ്രൂപ്പിന് വേണ്ടി തുറമുഖ കമ്പനി നിര്‍ബന്ധം പിടിച്ചത് സംശയത്തോടെയാണ് ജുഡിഷ്യല്‍ കമ്മിഷന്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ കാണുന്നത്.

 

Read : വിഴിഞ്ഞം കരാര്‍; എംപിയുടെ വീട്ടില്‍ അദാനി - ഉമ്മന്‍ചാണ്ടി രഹസ്യ ചര്‍ച്ച

 

 2015 ഫെബ്രുവരി 20 വരെ പദ്ധതി ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ആരും മുന്നോട്ടു വന്നില്ല. ഇതേത്തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ തുറമുഖ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. അടിയന്തരമായി അദാനി പോര്‍ട്ട്‌സുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു ആവശ്യം. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയെ മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍മ്മാണ കരാറിന് താല്‍പ്പര്യം പ്രകടിപ്പിച്ച സ്ഥാപനവുമായി ചര്‍ച്ച നടത്തിയാല്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ ബലികഴിക്കപ്പെടുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി.

 

എന്നാല്‍ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ നിര്‍ബന്ധത്തിന് മുഖ്യമന്ത്രി വഴങ്ങി. ഗൗതം അദാനിയുമായി ചര്‍ച്ചയ്ക്കുള്ള അവസരം വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍ ഒരുക്കി. ഈ ചര്‍ച്ചയ്ക്ക് മുമ്പ് ആവശ്യമായ സാങ്കേതിക, നിയമ ഉപദേശങ്ങള്‍ തേടാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തുറമുഖ വകുപ്പും തുറമുഖ കമ്പനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. നിയമോപദേശം തേടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല. വിദ്ഗദ്ധരുമായി ചര്‍ച്ച ചെയ്തില്ലെന്ന് മാത്രമല്ല നിയമ വകുപ്പിന്റെ ഉപദേശം പോലും തേടാന്‍ തുനിഞ്ഞില്ല.

 

സര്‍ക്കാര്‍ മുന്‍കൈയില്‍ നടന്ന ചര്‍ച്ച അദാനി ഗ്രൂപ്പ് തന്ത്രപരമായി ഉപയോഗിച്ചു. നിരവധി ആവശ്യങ്ങള്‍ അവര്‍ മുന്നോട്ടു വച്ചു. ഇതെല്ലാം ഏകപക്ഷീയമായി അംഗീകരിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് രാജ്യതാല്‍പ്പര്യം മുന്‍ നിര്‍ത്തി നിര്‍ദ്ദേശങ്ങളോ ശുപാര്‍ശകളോ മുന്നോട്ടു വയ്ക്കാനായില്ല. ഈ ചര്‍ച്ചയില്‍ കരാറിന്റെ വിശദാംശങ്ങളിലേയ്ക്ക് കടന്നില്ല. എന്നാല്‍ ഈ ചര്‍ച്ച കഴിഞ്ഞതോടെ അദാനി ഗ്രൂപ്പ് തുറമുഖ കരാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.


കൂടുതല്‍ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി കരാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നുവെങ്കില്‍ അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയ നിബന്ധനകള്‍ക്ക് തടയിടാമായിരുന്നു. മത്സരാധിഷ്ഠിത ടെണ്ടര്‍ നടപടികളുണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭവും നേട്ടങ്ങളുമുണ്ടായേനെ. ജുഡീഷ്യല്‍ കമ്മിഷന്‍ ഇക്കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 

സര്‍ക്കാരിന്റെ വിലപേശല്‍ സാദ്ധ്യതയാണ് മുഖ്യമന്ത്രി - അദാനി ചര്‍ച്ചയോടെ ഇല്ലാതായത്. ഇതിന് കളമൊരുക്കിയതാകട്ടെ സംസ്ഥാനത്തിന്റെ നേട്ടത്തിനായി രൂപീകരിച്ച അന്താരാഷ്ട്ര തുറമുഖ കമ്പനിയും. ഒപ്പുവയ്ക്കപ്പെട്ട കരാറില്‍ പിന്നീട് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അദാനിക്ക് കളമൊരുക്കിയതും അനര്‍ഹമായി സാമ്പത്തിക നേട്ടത്തിന് അവസരം ലഭിച്ചതും ഈ ചര്‍ച്ചയായിരുന്നു. ഈ ചര്‍ച്ചയെ നിശിതമായി ജുഡീഷ്യല്‍ കമ്മിഷന്‍ വിമര്‍ശിക്കുന്നു.

 

OTHER SECTIONS