മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയ്യാറല്ലെങ്കില്‍ പി.എസ്.സി പിരിച്ചുവിടണം; അടൂര്‍ ഗോപാലകൃഷ്ണന്‍

By mathew.11 09 2019

imran-azhar

 

തിരുവനന്തപുരം: മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയ്യാറല്ലെങ്കില്‍ പി.എസ്.സി പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പി.എസ്.സി പിരിച്ചുവിടേണ്ടതാണെന്നും മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതമാണെന്നും അടൂര്‍ പറഞ്ഞു.

സ്വാഭാവികമായി ഒരാള്‍ക്ക് മനസിലാകുന്ന ഭാഷ മാതൃഭാഷയാണ്. അതിനാല്‍ മാതൃഭാഷ അറിയുന്ന ഒരാള്‍ ഏത് ഭാഷയും പഠിക്കും. നമ്മുടെ ഭാഷ അറിഞ്ഞാല്‍ മാത്രമേ മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്നതാണ് അരക്ഷിതമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പി.എസ്.സി മലയാളത്തില്‍ പരീക്ഷ നടത്തണമെന്ന ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി ഓഫീസിന് മുന്നില്‍ നടത്തുന്ന നിരാഹാര സമര പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷയിലും പി.എസ്.സി ചോദ്യങ്ങള്‍ നല്‍കി തുല്യനീതി ഉറപ്പാക്കുകയെന്നതാണ് ആവശ്യം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സെപ്റ്റംബര്‍ 16ന് പി.എസ്.സിയുമായി ചര്‍ച്ച നടത്തും.

 

OTHER SECTIONS