എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു;യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍

By anju.12 10 2018

imran-azhar


ചെന്നൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. 136 പേരുമായി ദുബായിലേക്ക് പുറപ്പെട്ട ട്രിച്ചിദുബായ് ബോയിങ് ബി 737800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.


വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവം.വിമാനത്തിന്റെ രണ്ടു പിന്‍ ചക്രങ്ങള്‍ റണ്‍വേയില്‍നിന്നു പറന്നുയരുന്നതിനിടെ മതിലില്‍ ഇടിച്ചത്. മതിലിന്റെ ഒരു ഭാഗവും വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്.


ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ വിഷയം പൈലറ്റിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നു വിമാനം മുംബൈയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് മുംബൈയില്‍ നിന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. പൈലറ്റിനെയും സഹപൈലറ്റിനെയും ചുമതലകളില്‍നിന്ന് ഒഴിവാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS