ശബരിമലയിൽ വ്യോമ നിരീക്ഷണം ശക്തമാക്കും

By Sooraj Surendran.09 11 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്കിനായി നട തുറക്കുമ്പോൾ സുരക്ഷ കൂടുതൽ ശക്തമാക്കാൻ പോലീസ്. സുരക്ഷാ ക്രമീകരണങ്ങൾ ബലപ്പെടുത്തുന്നതിനായി വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ ശബരിമലയിൽ ഹെലിപ്പാഡും സജ്ജമാക്കും. പത്തനംതിട്ട ഡിസിപി ആണ് വ്യോമ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫിസർ. നവംബര്‍ 16, ഡിസംബര്‍ അഞ്ച്, ആറ്, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമ നിരീക്ഷണം നടത്തുക.

 

അതേസമയം ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡുള്ളവർക്ക് മാത്രമേ പമ്പയിലോട്ട് പ്രവേശനം ഉണ്ടാകൂ. സുരക്ഷാ ഉദ്യോഗസ്ഥർ ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവരെ മാത്രമേ പമ്പയിൽ കടത്തിവിടൂ. കാര്‍ഡ് പരിശോധിക്കാന്‍ പത്തു കേന്ദ്രങ്ങള്‍ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.

OTHER SECTIONS