വിമാനങ്ങളുടെ കാലപ്പഴക്കം; എയർഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നു

By Aswany Bhumi.01 03 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന സെക്ടറിൽ പറക്കുന്ന എയർഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങളിൽ അധികവും കാലപഴക്കം ചെന്നവയെന്ന് ആരോപണം. ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നത് പലപ്പോഴും യാത്രക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നു.

 

സംസ്ഥാനത്തിന്റെ വിമാനത്താവളത്തിൽ കൂടുതൽ തവണ അടിയന്തര തിരിച്ചിറക്കലുകൾ നടത്തിയതും യന്ത്ര തകരാറുകൾ ഉണ്ടായതും എയർഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങൾക്കാണ്. കഴിഞ്ഞ ദിവസം യന്ത്ര തകരാർ കണ്ടതിനെ തുടർന്ന് കോഴിക്കോട് ഇറക്കേണ്ട എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയിരുന്നു.

 

മുൻവശത്തെ ടയറിന്റെ ഭാഗത്ത് നിന്നും ഹൈഡ്രോളിക്ക് ഓയിൽ ലീക്ക് ചെയ്യുകയായിരുന്നു. ഇത് ലാൻഡിംഗ് സമയത്ത് ടയർ നിലം തെടുമ്പോൾ സ്പാർക്ക് ഉണ്ടായി തീപിടിക്കാൻ കാരണമാകും.

 

ടയർ നിലം തൊട്ടപ്പോൾ തന്നെ പുക ഉയർന്നെങ്കിലും വിമാനത്താവളത്തിലെ ഫയർഫോഴ്‌സിലെ ജീവനക്കാരുടെ കരുത്തിലാണ് വൻ ദുരന്തം കഴിഞ്ഞ ദിവസം ഒഴിവായത്. കാലപ്പഴക്കം ചെന്ന വിമാനങ്ങളാണ് എക്‌സ്പ്രസ് സംസ്ഥാന സെക്ടറിൽ പറപ്പിക്കുന്നത്.

 

ഇത്തരം വിമാനങ്ങൾക്ക് പലപ്പോഴും കൃത്യമായി സുരക്ഷാപരിശോധനകൾ പോലുമില്ലെന്നതും സ്ഥിതി രൂക്ഷമാക്കുന്നു. രാജ്യത്തിന്റെ മറ്റു വിമാനത്താവളങ്ങളിൽ സർവ്വീസ് നടത്തി പഴക്കം വരുന്ന വിമാനങ്ങളെയാണ് സംസ്ഥാന സെക്ടറിൽ പറക്കലിനായി നൽകിയിരിക്കുന്നത്.

 

എട്ട് വർഷം പിന്നിട്ട എയർക്രാഫ്റ്റുകൾ പൂണ്ണമായും എ.ജി.എസ് ചെക്കിംഗ് നടത്തിയ ശേഷം മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളു. എന്നാൽ പത്ത് വർഷം പിന്നിട്ട വിമാനങ്ങൾക്ക് പോലും ചെക്കിംഗ് നടക്കുന്നില്ല. ഒരു വിമാനം പൂർണ്ണമായും ചെക്കിംഗ് നടത്താൻ രണ്ട് മാസത്തിൽ കൂടുതൽ സമയം എടുക്കും.

 

ഇത് ഷെഡ്യുകളെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് എക്‌സ്പ്രസ് ഇതിന് തയ്യാറാകാത്തത്. കാലപഴക്കം ചെന്ന ഇത്തരം വിമാനങ്ങൾ പലപ്പോഴും യാത്രക്കാർക്ക് ഭീഷണിയാണ്.

 

അന്താരാഷ്ട്ര ചട്ടപ്രകാരമുള്ള എൻജിനീയറിംഗ് പരിശോധനകൾക്ക് ഓരോ വിമാനങ്ങൾക്കും അരമണിക്കൂറിലേറെ സമയം വേണം. എന്നാൽ എക്‌സ്പ്രസ് വിമാനങ്ങൾക്ക് ഇത് പലപ്പോഴും കൃത്യമായി പാലിക്കാറില്ലെന്നും ആരോപണമുണ്ട്.

 

 

OTHER SECTIONS