വിമാനത്താവളം സ്വകാര്യവത്കരണം; നിലപാടിലുറച്ച് വ്യോമയാന വകുപ്പ്

By online desk.01 09 2019

imran-azhar

 

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറിയും സംഘവും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഔദ്യോഗിക ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നടത്തിപ്പവകാശം നല്‍കുക അല്ലെങ്കില്‍ ടെന്‍ഡര്‍ നേടിയവര്‍ക്ക് നല്‍കുകയാണ് വേണ്ടെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം അറിയിച്ചിട്ടില്ല. ഉദ്യോഗസ്ഥതലത്തിലുള്ള അഭിപ്രായമായതിനാല്‍ തത്കാലം അതിന് മറുപടി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേന്ദ്ര വ്യോമയാന മന്ത്രാലയവുമായും പ്രധാനമന്ത്രിയുമായും ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി ചര്‍ച്ച ചെയ്തതാണ്. അതിനാല്‍ നിലവിലെ യൂസര്‍ഫീ സംബന്ധിച്ചും വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതു സംബന്ധിച്ചുമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

അതേസമയം 2021 ആകുമ്പോള്‍ മാത്രമേ നിലവിലെ യൂസര്‍ഫീ കുറയ്ക്കാനാകൂവെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഇന്ധനഫീസില്‍ 25% കുറവു വരുത്തിയിട്ടും യൂസര്‍ഫീ കുറയ്ക്കാനാകില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ ലാന്‍ഡിംഗ് ഫീസും പാര്‍ക്കിംഗ് ഫീസും ഹാന്‍ഡ്‌ലിംഗ് ഫീസും കുറയ്ക്കാതെ യൂസര്‍ഫീയില്‍ തീരുമാനമെടുക്കാനാകില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. മറ്റെവിടെയും ഇല്ലാത്ത ഉയര്‍ന്ന ഫീസാണ് ഇവിടെ ഈടാക്കുന്നതെന്നും അവര്‍ യോഗത്തില്‍ അറിയിച്ചു.

 

വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നല്‍കി. അടുത്ത മൂന്നു മാസത്തിനകം ഇത് നിലവില്‍ വരും. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അധികമായി അഞ്ച് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും ഖരോള അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. മുഖ്യമന്ത്രി യോഗം വിളിച്ച സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശൈത്യകാല ഷെഡ്യൂള്‍ വരുമ്പോള്‍ മുപ്പത് ഫ്‌ളൈറ്റ് അധികമായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയത്.

 

കഴിഞ്ഞ തവണ ചേര്‍ന്ന വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്) നികുതി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും അതിനെ പിന്തുണച്ചു. ഇത് കണക്കിലെടുത്ത് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ എ.ടി.എഫ് നികുതി 25 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും കണ്ണൂര്‍ വിമാനത്താവളത്തില്‍ അത് 1 ശതമാനമായും സര്‍ക്കാര്‍ കുറച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഇതനുസരിച്ചുള്ള അനുകൂല പ്രതികരണം ഉണ്ടായില്ല. മാത്രമല്ല, തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 2018-19ല്‍ തിരുവനന്തപുരത്ത് 645 ഫ്‌ളൈറ്റുകള്‍ കുറഞ്ഞു.

 

2019-20-ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ 1579 ഫ്‌ളൈറ്റുകളാണ് കുറഞ്ഞത്. ഇതില്‍ 1005 എണ്ണം അന്താരാഷ്ട്ര ഫ്‌ളൈറ്റുകളാണ്. ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണ്. ഐ.ടി മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് കേരളം, പ്രത്യേകിച്ച് തിരുവനന്തപുരം ഒരുങ്ങുമ്പോഴാണ് ഈ പിന്നോട്ടടിയുണ്ടായത്. ഇന്ത്യയിലേയും വിദേശത്തെയും പ്രമുഖ ഐടി കമ്പനികള്‍ തിരുവനന്തപുരത്ത് കൂടുതല്‍ നിക്ഷേപം നടത്തുകയാണ്. ഒരു ലക്ഷം പേരെയാണ് അധികമായി നിയമിക്കുന്നത്. അതോടൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂര്‍ത്തിയായി വരികയാണ്. ഇ-മൊബിലിറ്റി മേഖലയിലും വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തിലേക്ക് വരുന്ന സന്ദര്‍ഭമാണിത്. കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ ഉപയോഗിക്കുന്ന പ്രധാന വിമാനത്താവളം കൂടിയാണ് തിരുവനന്തപുരം.

 

ആഭ്യന്തര റൂട്ടിലും അന്താരാഷ്ട്ര റൂട്ടിലും തിരുവനന്തപുരത്തുനിന്ന് യാത്രക്കാര്‍ ധാരാളമുണ്ട്. ശരാശരി 90 ശതമാനം യാത്രക്കാര്‍ ഓരോ ഫ്‌ളൈറ്റിലും യാത്ര ചെയ്യുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കണം. തിരുനന്തപുരം, കോഴിക്കോട് വിമാനത്താളങ്ങളില്‍ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത് ചെയ്താല്‍ കൂടുതല്‍ ലാഭകരമായി സര്‍വീസ് നടത്താന്‍ കമ്പനികള്‍ക്ക് കഴിയും. തിരുവനന്തപുരത്തുനിന്ന് കിഴക്കന്‍ ഏഷ്യയിലേക്ക് ഇപ്പോള്‍ ബിസിനസ്സ് ക്ലാസ് സൗകര്യമുള്ള സര്‍വീസ് ഒന്നുമില്ല. ബിസിനസ്സ് ക്ലാസ് ഉണ്ടായിരുന്ന സില്‍ക്ക് എയര്‍ അത് നിര്‍ത്തി.

 

ഗള്‍ഫ് മേഖലയിലേക്കും മറ്റു നഗരങ്ങളിലേക്കും വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്ന കാര്യവും മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചു. ഉത്സവ സീസണില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വരെയാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. 2017 മേയില്‍ വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഉണ്ടായ ധാരണയ്ക്ക് വിരുദ്ധമാണിത്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരെ നിരക്ക് വര്‍ധന കൂടുതല്‍ പ്രയാസത്തിലാക്കുന്നു. ഉത്സവ സീസണില്‍ മുന്‍കൂട്ടി അധിക ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. അതുകൊണ്ട് ഉത്സവ സീസണിലെ ഷെഡ്യൂള്‍ നേരത്തെ പ്രഖ്യാപിക്കണം. അമിത നിരക്ക് ഈടാക്കുന്നതു തടയാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇടപെടണം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫിലൂടെയല്ലാതെ നേരിട്ടുള്ള വിമാനസര്‍വ്വീസ് വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ തിരുവനന്തപുരത്തുനിന്നും മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ തയ്യാറായാല്‍ വിമാന ഇന്ധന നികുതി നിരക്ക് ഇനിയും കുറയ്ക്കാന്‍ കേരളം സന്നദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

സിവില്‍ ഏവിയേഷന്‍ മേഖലയില്‍ കേരളം നടത്തുന്ന ഇടപെടല്‍ മാതൃകാപരമാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഖരോള പറഞ്ഞു. മൂന്നാം തവണയാണ് ഇത്തരത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പുതിയ അനുഭവമാണിത്. മറ്റ് സംസ്ഥാനങ്ങളും ഇപ്പോള്‍ ഈ മാതൃകയിലേക്ക് വരികയാണ്. ഇന്ധന നികുതി നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കേരളം തയ്യാറായത് സിവില്‍ ഏവിയേഷന്‍ മേഖലയുടെ വികസനത്തിന് വലിയ പിന്തുണയാകും. വിമാനക്കമ്പനികള്‍ അനുകൂലമായി പ്രതികരിച്ചാല്‍ ഇനിയും നിരക്ക് കുറയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാരണം വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനം ഇന്ധനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് നികുതി നിരക്ക് കുറയുമ്പോള്‍ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയും.

 

രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍ പ്രകാരമാണ് വിദേശ വിമാനക്കമ്പനികള്‍ക്ക് സീറ്റ് അനുവദിക്കുന്നത്. മിക്ക വിദേശ വിമാനക്കമ്പനികളും ഉഭയകക്ഷിപ്രകാരമുള്ള സീറ്റ് ക്വാട്ട പൂര്‍ണ്ണമായും ഉപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ക്വാട്ട തികയ്ക്കുന്നില്ല. ഇതാണ് കൂടുതല്‍ വിദേശ സര്‍വ്വീസ് അനുവദിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. സ്വകാര്യ വിമാനക്കമ്പനികള്‍ വലിയ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ വിദേശ സര്‍വ്വീസുകള്‍ നടത്താന്‍ കഴിയും. അപ്പോള്‍ കൂടുതല്‍ വിദേശ വിമാനങ്ങളും അനുവദിക്കാന്‍ കഴിയും. തിരുവനന്തപുരം വഴി പോകുന്ന വിദേശ സര്‍വ്വീസുകള്‍ക്ക് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാന്‍ (റീ-ഫ്യൂവലിംഗ്) സൗകര്യം നല്‍കണമെന്ന ആവശ്യം പരിശോധിക്കാമെന്നും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പറഞ്ഞു.

 

തിരുവനന്തപുരം വിമാനത്താവളത്തിലെ ലാന്റിംഗ് ഫീ, പാര്‍ക്കിംഗ് ഫീ, യൂസര്‍ഫീ എന്നിവ കുറയ്ക്കണമെന്ന ആവശ്യം യോഗത്തില്‍ വിമാനക്കമ്പനികള്‍ ഉന്നയിച്ചു. എന്നാല്‍ 2021-ലേ അക്കാര്യം പരിഗണിക്കാന്‍ കഴിയൂ എന്നാണ് എയര്‍പോര്‍ട്ടസ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അനൂജ് അഗര്‍വാള്‍ പറഞ്ഞത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ ജോയന്റ് സെക്രട്ടറി ഉഷാ പാഡി, എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അനുജ് അഗര്‍വാള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സിവില്‍ ഏവിയേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സിയാല്‍ എം.ഡി വി.ജെ. കുര്യന്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് എം.ഡി വി. തുളസീദാസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

 

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ, വിസ്താര എയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ്, കുവൈത്ത് എയര്‍വേയ്‌സ്, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍, അലയന്‍സ് എയര്‍, മെലിന്‍ഡോ എയര്‍, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ ആസ്‌ത്രേലിയ, സില്‍ക്ക് എയര്‍ തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

OTHER SECTIONS