മതേതര കേരളത്തെ കലാപഭൂമിയാക്കരുത്; നവംബർ 1 എ.ഐ.വൈ.എഫ് നവോത്ഥാന സദസ്സുകൾ സംഘടിപ്പിക്കും

By Sarath Surendran.19 10 2018

imran-azhar

 


തിരുവനന്തപുരം : കേരളത്തെ കലാപഭൂമിയാക്കാനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ നവോത്ഥാന സംരക്ഷണ സദസ്സുകള്‍ സംഘടിപ്പിക്കാൻ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.


ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സുപ്രീംകോടതി വിധിയെ സംസ്ഥാന സർക്കാറിനെതിരെ തിരിച്ച് വിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപി- ആർഎസ്എസ് നീക്കം പ്രബുദ്ധ കേരളം തിരിച്ചറിയും.

 

കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ഭക്തിയുടെ മറവില്‍ ക്രിമിനലുകളെ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ആർഎസ്എസ്-ബിജെപി നീക്കമാണ് അവിടെ കാണാനായത്. ഈ നീക്കത്തിന് കോൺഗ്രസും പിന്തുണ നൽകുന്നുവെന്നത് അപമാനകരമാണ്.

 

12 വർഷക്കാലം സുപ്രീം കോടതിയിൽ നടന്ന നിയമനടപടികളിൽ ഒരിക്കലും കക്ഷി ചേരാത്ത ബിജെപിയും ആർഎസ്എസും സ്ത്രീ പ്രവേശനത്തെ പലഘട്ടത്തിലും അനുകൂലിച്ച് പ്രസ്താവനകൾ ഇറക്കിയിട്ടുമുണ്ട്. വിധിയെ ആദ്യഘട്ടത്തിൽ സ്വാഗതം ചെയ്തവരാണ് ഇപ്പോൾ ഈ സമര നാടകം നടത്തുന്നത്. സുപ്രീംകോടതി വിധികളോട് ഇങ്ങനെയാണ് പ്രതികരിക്കുന്നതെങ്കിൽ ബിജെപിയുടെ ജനാധിപത്യത്തോടുള്ള സമീപനമെന്താണ് എന്നും നിയമവ്യവസ്ഥയെ അവർ എങ്ങനെയാണ് സമീപിക്കുന്നതെന്നും വ്യക്തമാക്കപ്പെടുകയാണ്. രാജ്യം ഭരിക്കുന്ന ഒരു പാർട്ടിക്ക് ഇത്ര നിലവാരമില്ലാതെ പെരുമാറാനാകുന്നത് എങ്ങനെയെന്ന ചോദ്യവും ഈ സമരങ്ങൾ ഉയർത്തുന്നുണ്ട്.

 


കേരളത്തിന്‍റെ നവോത്ഥാന പൈതൃകവും,പുരോഗമന ചിന്തയും,മതനിരപേക്ഷ വീക്ഷണവും അട്ടിമറിച്ച് ഉത്തരേന്ത്യൻ മോഡൽ കലാപം സൃഷ്ടിക്കാനുള്ള ബിജെപി നീക്കം ജാഗ്രതയോടെ മലയാളിസമൂഹം പ്രതിരോധിക്കും. കേരളത്തിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മലയാളികളാകെ ഏറ്റെടുക്കാനുള്ള സമയമാണിത്. മതേതര കേരളത്തെകലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സ് വിജയിപ്പിക്കാൻ സംസ്ഥാനകമ്മിറ്റി അഭ്യർത്ഥിച്ചു.

 

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ആര്‍.സജിലാല്‍ അദ്ധ്യയക്ഷനായി സെക്രട്ടറി മഹേഷ് കക്കത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.രാജന്‍ എംഎൽഎ പങ്കെടുത്തു.

 

 

 

 

OTHER SECTIONS