രാഹുല്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളും: എ. കെ. ആന്റണി

By Online Desk .12 01 2019

imran-azhar

 

 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി അധികാരത്തില്‍ വന്നാല്‍ ആദ്യം എഴുതിതള്ളാന്‍ പോകുന്നത് കര്‍ഷക കടങ്ങള്‍ ആയിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം എ. കെ. ആന്റണി. കേരള പ്രദേശ് കോണ്‍ഗ്രസ് സംഘടിപ്പിച്ച നേതൃ സംഗമം വെള്ളയമ്പലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി - പിണറായി സര്‍ക്കാറുകളുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ചടങ്ങില്‍ അദ്ദേഹം ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ മാത്രം സര്‍ക്കാര്‍ ആണെന്നും കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ പരഹിഗണിച്ചത് കോര്‍പ്പറേറ്റുകളുടെ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമല വിഷയത്തില്‍ പിണറായിയുടേത് ധിക്കാരവും പക്വതയില്ലാത്തതുമായ തീരുമാനമായിരുന്നുവെന്ന് ആന്റണി പറഞ്ഞു. രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുന്ന മോദി സര്‍ക്കാറിന് കൃഷിക്കാരുടെ കടങ്ങള്‍ കാണാന്‍ കഴിയുന്നില്ല. നരേന്ദ്രമോദിയുടെ നോട്ട് നിരോധനമെന്ന തുഗ്ലക്ക് പരിഷ്‌കരണം കഴിഞ്ഞതോടെ കൃഷിക്കാര്‍ കടക്കെണിയിലായി. ഉദ്പാദന ചെലവ് കഴിഞ്ഞ് ന്യായമായ വില കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഒരു സ്ഥിരം സംവിധാനം രാജ്യത്ത് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെയും യുവാക്കളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെങ്കില്‍ മോദി സര്‍ക്കാറിനെ താഴെയിറക്കണം. അവരുടെ കൈകൊണ്ടാവും മോദി സര്‍ക്കാറിന്റെ അന്ത്യം.


പ്രളയാന്തരം പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന് പകരം ഇവിടെ കലാപമുണ്ടാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ബിജെപിയെ വളര്‍ത്താനും കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ആയിരക്കണക്കിന് വരുന്ന മതങ്ങള്‍ക്കും ജാതികള്‍ക്കും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണുള്ളത്. ഒരുപാട് ആചാരങ്ങള്‍ മാറ്റേണ്ടതുണ്ട്. അത് മാറ്റിയിട്ടുമുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് എടുത്തു ചാട്ടമായിപ്പോയി. കുറച്ച് കൂടി സാവകാശം കാണിക്കാമായിരുന്നു. ശബരിമല വിഷയത്തില്‍ പിണറായിയുടെ നിലപാട് ധാക്കാരവും പക്വതയില്ലാത്തതുമായിരുന്നു.


പ്രളയം വന്നപ്പോള്‍ ഒരുമിച്ച് നിന്ന കേരളത്തെ ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിച്ചു. അമിത്ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് കേരളത്തില്‍ അക്രമം അഴിച്ചുവിട്ടു. ഇത്രയേറെ അക്രമങ്ങളുണ്ടായ ഹര്‍ത്താല്‍ കേരളം ഇതിനുമുമ്പ് കണ്ടിട്ടില്ല. വിശ്വാസികള്‍ക്കൊപ്പം നിന്ന് കെപിസിസി ശബരിമല വിഷയത്തില്‍ ശരിയായ നിപലാടാണ് സ്വീകരിച്ചത്. ഞങ്ങള്‍ അക്രമത്തിനെതിരുമാണ്. ഇക്കാര്യത്തില്‍ കെപിസിസിയെ അദ്ദേഹം അഭിനന്ദിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി ആയിരിക്കും അപ്പോള്‍ മാന്‍ ഓഫ് ദ മാച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

OTHER SECTIONS