എ.കെ. ശശീന്ദ്രൻ തെറിച്ചേക്കും; പകരം മാണി സി കാപ്പനോ ഗണേഷ് കുമാറോ

By online desk .10 12 2019

imran-azhar

 

 

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ ഗതാഗത വകുപ്പ് മന്ത്രിസ്ഥാനത്ത് നിന്നും നീക്കാനുള്ള സാധ്യതയേറി. പകരം കെ.ബി. ഗണേഷ്‌കുമാറിനെയോ മാണി.സി. കാപ്പനെയോ മന്ത്രിയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ ആത്മഹത്യയും ശമ്പളം മുടക്കവും പതിവായതോടെ തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രിയെന്ന നിലയില്‍ ശശീന്ദ്രന്‍ വേണ്ട ഇടപെടലുകള്‍ നടത്തിയില്ലെന്നാണ് ഭരണാനുകൂല തൊഴിലാളി യൂണിയന്‍ നേതാക്കളുടെ ആരോപണം.

 

ശശീന്ദ്രനെ മാറ്റുന്നതിനോട് എന്‍സിപി നേതൃത്വത്തിനും എതിര്‍പ്പില്ല. എല്‍ഡിഎഫ് സര്‍ക്കാരിനു മുന്നില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. ഈ കാലയളവില്‍ കോര്‍പ്പറേഷനെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇടത് നേതാക്കള്‍ പറയുന്നു. അതാണ് മന്ത്രിയെ മാറ്റാന്‍ ആലോചിക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിയില്‍ വിവിധ കാരണങ്ങളാല്‍ മരിച്ചത് 303 ജീവനക്കാരാണ്. അതില്‍ 67 പേര്‍ ആത്മഹത്യ ചെയ്തു. ഇനിയും ഇത് ആവര്‍ത്തിക്കുമെന്നും അതിനാല്‍ അടിയന്തിരമായി മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി നേതാക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

 

കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു ടോമിന്‍ തച്ചങ്കരിയെ എംഡി സ്ഥാനത്തേക്ക് പിണറായി വിജയന്‍ നിയമിച്ചത്. മാത്രമല്ല യൂണിയന്‍ നേതാക്കളുടെ അതിപ്രസരം അവസാനിപ്പിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. തച്ചങ്കരി ചുമതലയേറ്റെടുത്തതു മുതല്‍ ശ്രമിച്ചതും യൂണിയന്‍ നേതാക്കളുടെ ഭരണം അവസാനിപ്പിക്കാനായിരുന്നു. ജീവനക്കാര്‍ക്ക് ക്ഷേമപരമായ കാര്യങ്ങള്‍ ചെയ്യാനും തച്ചങ്കരി ശ്രമിച്ചിരുന്നു. എന്നാല്‍ ചില യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് തച്ചങ്കരിയെ മാറ്റണമെന്ന് മുറവിളി കൂട്ടി. അനാവശ്യ ജീവനക്കാരെ പിരിച്ചുവിടണമെന്നായിരുന്നു തച്ചങ്കരി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ഇതോടെ തൊഴിലാളി നേതാക്കള്‍ അദ്ദേഹത്തിനെതിരായി. അന്നുമുതല്‍ ഒരുവിഭാഗം തച്ചങ്കരിക്കെതിരെ സമരവുമായി രംഗത്തുവന്നിരുന്നു. ആദ്യമൊന്നും മുഖ്യമന്ത്രി അതിന് ചെവികൊടുത്തില്ല. എന്നാല്‍ വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ എംഡിയെ മാറ്റിയേ തീരൂ എന്ന് വാശിപിടിച്ചതോടെ മുഖ്യമന്ത്രി തച്ചങ്കരിയെ മാറ്റുകയായിരുന്നു. അന്നുമുതല്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിട്ടില്ല.

 

അതോടെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം താളംതെറ്റിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിലവിലെ എംഡി എം.പി. ദിനേശിന്റെ പ്രവര്‍ത്തനവും വേണ്ടത്ര രീതിയില്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. ശമ്പളക്കുടിശിക നല്‍കുക, കോര്‍പ്പറേഷനിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇനിയും ഇടപെട്ടില്ലെങ്കില്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. അതു തടയാനായി മന്ത്രിയെ മാറ്റുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. കെ.ബി. ഗണേഷ്‌കുമാറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് വിവരം. അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് കുറേയേറെ പരിഷ്‌കാരങ്ങള്‍ കോര്‍പ്പറേഷനില്‍ വരുത്തിയിരുന്നു. മാത്രമല്ല തൊഴിലാളി യൂണിയനുകള്‍ക്ക് പ്രിയങ്കരനായ മന്ത്രികൂടിയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളില്‍ അതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

 

OTHER SECTIONS