ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടു; പ്രതി പിടിയില്‍

By priya.02 10 2022

imran-azhar

 

ആലപ്പുഴ: ആര്യാട് കോമളപുരം സ്വദേശി ബിന്ദുമോനെ (45) കൊലപ്പെടുത്തി ചങ്ങനാശേരി എസി കോളനിയിലെ വീട്ടില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയായ മുത്തുകുമാറിനെ പൊലീസ് പിടികൂടി. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് പ്രതിയെ പിടികൂടിയത്.

 

 ഇയാളെ ചങ്ങനാശേരി പൊലീസിന് കൈമാറും. കേസില്‍ മൊത്തം മൂന്ന് പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റ് രണ്ട് പേര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ കേരളം വിട്ടതായാണു സൂചനയെന്ന് പൊലീസ് പറയുന്നു.


കയര്‍ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോന്റെ മൃതദേഹം ശനിയാഴ്ചയാണ് മുത്തുകുമാര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനുള്ളില്‍ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്ദുമോനും മുത്തുകുമാറും പരിചയക്കാരാണ്. കഴിഞ്ഞ 26 മുതല്‍ അവിവാഹിതനായ ബിന്ദുമോനെ കാണാനില്ലായിരുന്നു.


അവസാനം ഫോണ്‍ വിളിച്ചിട്ടുള്ള ആളുകളിലേക്ക് ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ അന്വേഷണമെത്തി. ഇതില്‍ മുത്തുവിന്റെ പ്രതികരണത്തില്‍ സംശയം തോന്നി. സ്റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ എത്തിയില്ല.

 

മുത്തുവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു. അടുക്കളയോടു ചേര്‍ന്നുള്ള ചായ്പില്‍ കോണ്‍ക്രീറ്റ് തറയുടെ ഭാഗങ്ങള്‍ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയില്‍പെട്ടു.

 

ഇന്നലെ തറ പൊളിച്ച് മൃതദേഹം കണ്ടെത്തി. തറ നിരപ്പില്‍ നിന്ന് രണ്ടടി താഴ്ചയിലായിരുന്നു കുഴി. ആലപ്പുഴയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

 

 

OTHER SECTIONS