അമേരിക്കൻ ചരിത്രത്തിലിടം നേടി അമാൻഡയുടെ 'ദ ഹിൽ വി ക്ലൈമ്പ്‌'

By sisira.21 01 2021

imran-azhar

 


പ്രസിഡന്റ് പദവി എന്നത് അമ്മയുടെ മാത്രം തണലില്‍ വളര്‍ന്ന, അടിമകളുടെ പിന്‍തലമുറക്കാരിയായ കറുത്ത മെലിഞ്ഞ പെണ്‍കുട്ടിയ്ക്ക് സ്വപ്‌നത്തില്‍ മാത്രം ആഗ്രഹിക്കാവുന്ന ഒന്നാണ്.

 

അത് തന്റെ കവിതയിലൂടെ പങ്കുവയ്ക്കുകയാണ് അമേരിക്കയിലെ യുവകവികളില്‍ ഏറ്റവും ശ്രദ്ധേയായ അമാന്‍ഡ ഗോര്‍മാന്‍.

 

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന വിശേഷാവസരത്തിനായി അമാന്‍ഡ രചിച്ച 'നാം കയറുന്ന കുന്ന്' (The Hill We Climb) എന്ന കവിതയിലെ ആ വരികളുള്‍പ്പെടെ ചൊല്ലി ഈ ഇരുപത്തിരണ്ടുകാരി നടന്നു കയറിയത് ചരിത്രത്തിലേക്കാണ്.


അധ്വാനത്തിന്റെ പ്രാധാന്യവും അതിജീവനത്തിന്റെ ആഹ്‌ളാദവും തന്റെ കവിതയിലൂടെ അമാന്‍ഡ പങ്കു വെച്ചു.

 

ഓരോ പ്രഭാതമെത്തുമ്പോഴും
നമ്മോടു തന്നെയുള്ള ചോദ്യമിതാണ്
അവസാനമില്ലാത്ത നിഴലുകളില്‍
വെളിച്ചത്തിനായി നാമെവിടെ തിരയണം?

 

അമാന്‍ഡയുടെ കവിത ആരംഭിച്ചതിങ്ങനെയാണ്.
കാപ്പിറ്റോളില്‍ അരങ്ങേറിയ അതിക്രമത്തേയും തന്റെ കവിതയില്‍ അമാന്‍ഡ ഉള്‍പ്പെടുത്തി. ജനാധിപത്യത്തിന്റെ ശക്തിയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അമാന്‍ഡ കവിതയില്‍ കുറിച്ചു.

 

റോബര്‍ട്ട് ഫ്രോസ്റ്റിനും മായാ ആഞ്ജലോയ്ക്കും ശേഷം, പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിനെ സാഹിത്യസമ്പന്നമാക്കാന്‍ 2017-ല്‍ പ്രഥമ ദേശീയ യുവകവി പുരസ്‌കാരം കരസഥമാക്കിയ അമാന്‍ഡയെ തിരഞ്ഞെടുത്തതിലൂടെ മറ്റൊരു നിര്‍ണായക ചുവടു കൂടി മുന്നോട്ടു വയ്ക്കുകയായിരുന്നു ബൈഡൻ.

 

ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നതാണ് അമാന്‍ഡയുടെ കവിതയെന്ന് മിഷേല്‍ ഒബാമ ട്വീറ്റ് ചെയ്തപ്പോള്‍ 2036 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമാന്‍ഡ മത്സരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് താനെന്നാണ് ഹിലാരി ക്ലിന്റന്‍ ട്വിറ്ററില്‍ കുറിച്ചത്.

OTHER SECTIONS