ബി.ജെ.പി കൂട്ടുകെട്ടില്‍ ക്യാപ്റ്റന് പിഴയ്ക്കുമോ? കര്‍ഷകര്‍ ആര്‍ക്കൊപ്പം?

By RK.21 10 2021

imran-azhar


രാജേഷ് ആര്‍.

 

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുന്നത് ഇത് ആദ്യമായി ഒന്നുമല്ല. നേരത്തെയും അദ്ദേഹം കോണ്‍ഗ്രസ് വിട്ടു പുറത്ത് പോയിട്ടുണ്ട്, പുതിയ പാര്‍ട്ടിയും രൂപീകരിച്ചിട്ടുണ്ട്. 1984ല്‍ സുവര്‍ണക്ഷേത്രത്തിലെ സൈനികനീക്കത്തിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട് ശിരോമണി അകാലിദളിലെത്തിയ അമരിന്ദര്‍ 1992 ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് 1997ല്‍ തിരികെ കോണ്‍ഗ്രസിലേക്കുതന്നെ ചേക്കേറുകയായിരുന്നു. പിന്നീട് 2002-2007 കാലഘട്ടത്തിലും 2017യില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഒടുവില്‍ സിദ്ദുവുമായുള്ള അഭിപ്രായഭിന്നതയില്‍ രാഹുലും പ്രിയങ്കയും കൈവിട്ടതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

 

അപമാനിതനായി മുഖ്യമന്ത്രി സ്ഥാനം ത്യജിക്കേണ്ടിവന്ന ക്യാപ്റ്റന്‍, പുതിയ സഖ്യരൂപീകരണത്തിലൂടെ വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പരമാവധി രാഷ്ട്രീയനഷ്ടം വരുത്താനുള്ള 'യുദ്ധതന്ത്ര'ങ്ങളാണ് മെനയുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ബിജെപിയുമായി കൈകോര്‍ക്കുമെന്നും പ്രഖ്യാപിച്ചത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 

ഒക്ടോബര്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തന്റെ മണ്ഡലമായ പട്യാലയില്‍ അമരിന്ദര്‍ വന്‍ റാലി സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിന്റെയും അവിടുത്തെ ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിക്കുമെന്നാണ് അമരിന്ദര്‍ പറഞ്ഞിരിക്കുന്നത്. ഒരു വര്‍ഷത്തിലധികമായി പോരാടുന്ന കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അമരിന്ദര്‍ അറിയിച്ചു. കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒത്തുപോകാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

 

എന്നാല്‍, സമരത്തിന് നേതൃത്വം നല്‍കുന്ന പഞ്ചാബിലെ കര്‍ഷകര്‍ ബി.ജെ.പിയുമായിയുള്ള ഈ ബന്ധം എങ്ങനെ സ്വീകരിക്കുമെന്ന് ഉറപ്പില്ല. സമരം ശക്തമാകുമ്പോഴും കര്‍ഷകരെ വിഘടനവാദികള്‍ എന്നും ആക്രമികള്‍ എന്നും വിളിച്ച് അപമാനിക്കാനാണ് പലപ്പോഴും ബി.ജെ.പി നേതൃത്വം ശ്രമിച്ചത്. കര്‍ഷകരെ കൂടെ നിര്‍ത്തുക എന്നതു തന്നെയാണ് ക്യാപ്റ്റന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

 

അതേസമയം ബിജെപിയുമായി ചങ്ങാത്തത്തിലാകാനുള്ള അമരിന്ദറിന്റെ നീക്കത്തില്‍ അദ്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, പുല്‍വാമ വിഷയം തുടങ്ങി സുരക്ഷാ വിഷയങ്ങളില്‍ കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് അമരിന്ദര്‍ കഴിഞ്ഞ കുറേനാളുകളായി സ്വീകരിച്ചിരുന്നത്. പഞ്ചാബില്‍ ബിഎസ്എഫിന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം അടുത്തിടെ എടുത്ത തീരുമാനത്തെ മറ്റെല്ലാ പാര്‍ട്ടികളും എതിര്‍ത്തപ്പോഴും ക്യാപ്റ്റന്‍ പിന്താങ്ങി.

 

ബിജെപിയെയും അകാലിദള്‍ വിമത വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വിശാല സഖ്യം രൂപീകരിക്കാന്‍ അമരിന്ദറിനു സാധിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരം പ്രവചനാതീതമാകും. നിരവധി കോണ്‍ഗ്രസ് നേതാക്കളുമായി അമരിന്ദര്‍ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ എത്ര പേര്‍ ക്യാപ്റ്റനൊപ്പം പുതിയ പാര്‍ട്ടിയിലേക്കു പോകുമെന്നതില്‍ വ്യക്തതയില്ല. കൂടുതല്‍ പേര്‍ പോകുന്ന സാഹചര്യമുണ്ടായാല്‍ ഗ്രൂപ്പ് കളിയില്‍ വലഞ്ഞിരിക്കുന്ന കോണ്‍ഗ്രസിന് വലിയ തലവേദനയാകും.

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച അമരിന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തിനു ശ്രമിക്കുമ്പോള്‍ പാളയത്തിലെ പട അവസാനിപ്പിക്കാന്‍ പെടാപ്പാട് പെടുന്ന കോണ്‍ഗ്രസിന് എത്രത്തോളം ചെറുക്കാന്‍ കഴിയുമെന്നാണ് കാത്തിരുന്നു കാണേണ്ടത്. എന്നാല്‍ അവസാനം പുറത്ത് വന്ന സര്‍വേയില്‍ പഞ്ചാബില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരാനുള്ള സാധ്യത പ്രവചിച്ചത് നേതൃത്വത്തിന് വലിയ ആശ്വാസമാണ്.

 

 

 

 

OTHER SECTIONS