ഭീകരവാദികളെ പിന്തുണയ്ക്കുന്ന പാക് നിലപാടാണ് ഇന്ത്യ-പാക് ചര്‍ച്ചകള്‍ക്ക് തടസം; അമേരിക്ക

By mathew.22 10 2019

imran-azhar

 

വാഷിങ്ടണ്‍: ഭീകരവാദികളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ നിലപാടാണ് ഇന്ത്യാ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് പ്രധാന തടസ്സമെന്ന് അമേരിക്ക. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്തുന്ന ലഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് പാകിസ്ഥാന്‍ തുടരുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തടസ്സമാകുന്ന പ്രധാന പ്രശ്‌നം ഇതാണെന്നും യു.എസ് അസിസ്റ്റന്‍ഡ് സ്റ്റേറ്റ് സെക്രട്ടറി ആലിസ് ജി വെല്‍സ് പറഞ്ഞു.

1972ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച ഷിംല ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. 2006-2007 കാലഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചകളില്‍ കാര്യമാത്ര പുരോഗതിയുണ്ടായിരുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചകളില്‍ കൂടി കാര്യങ്ങള്‍ പരിഹരിക്കപ്പെടാമെന്ന് മുന്‍കാലങ്ങളില്‍ തെളിഞ്ഞതാണ്.

വിശ്വാസ്യത ഉയര്‍ത്തിയാല്‍ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുകയുള്ളു. എന്നാല്‍, പാകിസ്ഥാന്‍ ഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നത് തുടരുന്നതാണ് പ്രധാന തടസമെന്നും അവര്‍ പറഞ്ഞു.

 

 

OTHER SECTIONS