By online desk.20 11 2019
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്നും നിലവില്‍ എവിടെയും കര്‍ഫ്യൂ ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിലെ കശ്മീരിലെ സ്ഥിതിഗതികള്‍ അവസ്ഥയും രാജ്യസഭയില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കശ്മീരില്‍ പാകിസ്ഥാന് ഇപ്പോഴും ഇടപെടുന്നുണ്ടെന്നും അതിനാല്‍ സുരക്ഷക്ക് മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് വെടിവെയ്പ്പില്‍ ആരും മരിച്ചിട്ടില്ല എന്നറിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും കല്ലെറിയുന്ന സംഭവങ്ങളുടെ എണ്ണം 805ല്‍ നിന്നും 544 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. ഒരു പ്രശ്നവുമില്ല. മൊബൈല്‍ മെഡിസിന് വാനുകളും ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നും ഷാ വ്യക്തമാക്കി.
അതിനിടെ അമിത് ഷായുടെ വാദങ്ങളെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്തെത്തി. നിയന്ത്രണങ്ങള്‍ കാരണം കുട്ടികളുടെ വിദ്യാഭ്യാസം പോലും ദുരിതത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു.
താന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതാ വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ തെളിയിക്കാന്‍ ഗുലാം നബി ആസാദിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ മറുപടി നല്കി.