By online desk.08 05 2019
തിരുവനന്തപുരം: ആനന്ദിന്റെ അകാലത്തിലുള്ള വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകന് കുവൈറ്റ് എയര്‍വെയ്സില്‍ ഗ്രൗണ്ട് ടെക്നീഷ്യനായ ആനന്ദാണ് കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ മുന്ചക്രത്തിനടിയില്പ്പെട്ട് മരിച്ചത്.
എയര്‍ക്രാഫ്ട് മെയിന്റനന്‍സ് എന്‍ജിനിയറായി പഠനം പൂര്‍ത്തിയാക്കിയ ആനന്ദ് കൊച്ചിയില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ജോലിനേടി. തുടര്‍ന്നാണ് കുവൈറ്റ് എയര്‍വെയ്സില്‍ ഗ്രൗണ്ട് ടെക്നീഷ്യനായത്. ഭാര്യ സോഫിനയും മൂന്ന് വയസുകാരി മകള്‍ നൈനികയും ആനന്ദിനൊപ്പമായിരുന്നു താമസം. നാല് വര്‍ഷം മുമ്പ് പൂവച്ചല്‍ കാപ്പിക്കാട്ട് സ്ഥലം വാങ്ങി വീടുവച്ചു.
ഫാമിലി വിസയില്‍ ഭാര്യയും മൂന്ന് വയസുകാരിയായ മകളും കുവൈറ്റിലെത്തിയതോടെ പുതിയ വീട്ടില്‍ രക്ഷിതാക്കള്‍ താമസമാക്കി. നാട്ടിലെത്തുമ്പോഴെല്ലാം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും ബ്ളഡ് ഡൊണേഷന്‍ ഫാറത്തിലും സജീവമായിരുന്നു ആനന്ദ്. ലീവിനെത്തിയ ശേഷം കഴിഞ്ഞ മാര്‍ച്ച് 19നാണ് ഇവര്‍ തിരിച്ചുപോയത്. നാട്ടിലെ സുഹൃത്തുക്കളുമായി ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും സൗഹൃദം പങ്കുവയ്ക്കാന്‍ ആനന്ദ് എപ്പോഴും സമയം കണ്ടെത്തിയിരുന്നു.
കുറ്റിച്ചലിലെയും പൂവച്ചലിലെയും നാട്ടുകാരോടും ആനന്ദിന് വലിയ സ്നേഹമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കുവൈറ്റ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കുവൈറ്റ് എയര്‍വെയ്സിന്റെ ബോയിംഗ് 777 – 300 ഇ.ആര് വിമാനം മാറ്റുന്നതിനിടെയായിരുന്നു അപകടം.
ടാക്സി വേയില്‍ പാര്‍ക്കിംഗ് ബേയിലേക്ക് വിമാനം കെട്ടിവലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണംതെറ്റി ആനന്ദ് വിമാനത്തിന്റെ മുന്‍ ചക്രത്തിനടിയില്‍പ്പെടുകയായിരുന്നു.