എ.ടി.എം. മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് തട്ടിപ്പ് ; മംഗളൂരുവിൽ മലയാളിസംഘം പിടിയിൽ

By Aswany Bhumi.24 02 2021

imran-azhar

 

 

മംഗളൂരു: എ.ടി.എം. മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് പണം തട്ടിയ കേസിൽ മൂന്ന്‌ മലയാളികളടക്കം നാലുപേർ അറസ്റ്റിലായി. മറ്റൊരാൾ ആസ്പത്രിയിൽ നിരീക്ഷണത്തിലാണ്.

 

സംഘത്തലവാനായ തൃശ്ശൂർ ചാലക്കുടി മോതിരക്കണ്ണി കരിപ്പായി വീട്ടിൽ ഗ്ലാഡ്‌വിൻ ജിന്റോ ജോസ് (ജിന്റു-37), കാസർകോട് കുഡ്‌ലുവിലെ അബ്ദുൾ മജീദ് (27), ആലപ്പുഴ എടത്വ പച്ചചെക്കിടിക്കാട് തക്കക്കാവിൽ ടി.എസ്. രാഹുൽ (24), ന്യൂഡൽഹി പ്രേംനഗർ റെയിൽവേ ട്രാക്കിനടുത്ത ദിനേശ് സിങ് റാവത്ത് (44) എന്നിവരെയാണ് മംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തത്.

 

സംഘത്തിൽപ്പെട്ട അജ്മലാണ്‌ പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ട ഉടനെ അറസ്റ്റ്‌ ഉണ്ടാകും.

 

എ.ടി.എമ്മുകളിൽ ഡേറ്റ ചോർത്താൻ ഉപയോഗിക്കുന്ന ഉപകരണം, വ്യാജ എ.ടി.എം. കാർഡുകൾ, രണ്ട് കാറുകൾ, അഞ്ച് മൊബൈൽഫോൺ, രണ്ട് ആൻഡ്രോയ്‌ഡ് വാച്ച്‌ എന്നിവ സംഘത്തിൽനിന്ന് പിടിച്ചെടുത്തു.

 

എ.ടി.എം. മെഷിനിൽ കാർഡ് ഇടുന്ന ഭാഗത്ത് ഒറ്റനോട്ടത്തിൽ കാണാത്തതരം കാർഡ് റീഡറും മെഷിനിലെ രഹസ്യകോഡ് ടൈപ്പ് ചെയ്യുന്ന കീ ബോർഡിനരികിൽ ക്യാമറയും റെക്കോഡിങ് ചിപ്പും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്.

 

ഇടപാടുകാർ പണം പിൻവലിക്കാനായി കാർഡ് ഇടുന്നതോടെ രഹസ്യകോഡും മറ്റും ഈ കാർഡ് റീഡർ ശേഖരിക്കും. തുടർന്ന് ഈ ഡേറ്റ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാർഡുകൾ നിർമിച്ച് പണം പിൻവലിക്കുകയാണ് സംഘം ചെയ്തിരുന്നത്.

 

പലരുടെയും അക്കൗണ്ടുകളിൽനിന്നും 30 ലക്ഷത്തോളം രൂപ ഇത്തരത്തിൽ സംഘം പിൻവലിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കാസർകോട്, ഗോവ, മടിക്കേരി, ഡൽഹി, ബെംഗളൂരു, മൈസൂരു തുടങ്ങി പല ഭാഗങ്ങളിൽനിന്നാണ് വ്യാജ എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത്.

 

മംഗളൂരു സൈബർ പോലീസിൽ മാത്രം 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം നഗരത്തിലെ മംഗളാദേവി എന്നസ്ഥലത്ത് എ.ടി.എമ്മിൽ ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കവേ രണ്ടുപേരെ നാട്ടുകാർ പിടികൂടിയിരുന്നു.

 

ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലുള്ള മറ്റുപേരെ അറസ്റ്റ് ചെയ്തത്.

 

 

OTHER SECTIONS