ശബരിമല സ്ത്രീ പ്രവേശനം;സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍

By anju.12 10 2018

imran-azhar

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമലപ്രവേശനം നല്‍കിയ സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം.

ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്നും ജനവികാരം മാനിക്കാതെയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശനമുണ്ടായാല്‍ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നുണ്ടെന്നും കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അറ്റോര്‍ണി ജനറലാകുന്നതിന് മുമ്പ് നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് കെ.കെ വേണുഗോപാലായിരുന്നു.


അതേസമയം, ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിന ഉപവാസ സമരം തുടങ്ങി. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെയാണ് സമരം. പന്തളം കൊട്ടാരം പ്രതിനിധികള്‍, അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍, തിരുവാഭരണവാഹക സ്വാമിമാര്‍, നായാട്ടുവിള സ്വാമിമാര്‍, ക്ഷേത്ര ഉപദേശകസമിതികള്‍, ക്ഷേത്രഭരണസമിതികള്‍, അയ്യപ്പഭക്തര്‍ എന്നിവരാണ് ഏകദിന ഉപവാസത്തില്‍ പങ്കെടുക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കാന്‍ ഇടതുമുന്നണി എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് അറിയുന്നത്.

 

OTHER SECTIONS