'മരണത്തിന് ഉത്തരവാദി ഭാര്യയും കാമുകനും,' പ്രകാശിന്റെ ആത്മഹത്യാക്കുറിപ്പ്; 'ഞാന്‍ തിരഞ്ഞെടുത്ത ജീവിതം പരാജയം!'

By Web Desk.23 06 2022

imran-azhar

 

തിരുവനന്തപുരം: രാത്രി 10.59 നാണ് 'എന്റെയും മക്കളുടെയും മരണത്തിനു കാരണക്കാര്‍ ഇവര്‍' എന്ന് പ്രകാശ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ടായിരുന്നു.

 

ഇതു ശ്രദ്ധയില്‍പ്പെട്ട മകളും ബന്ധുക്കളും പ്രകാശിനെ വിളിച്ചു. അപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെയും അന്വേഷിച്ചു. എന്നാല്‍, വിവരമൊന്നും ലഭിച്ചില്ല.

 

തുടര്‍ന്നാണ് ബന്ധുക്കള്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി.

 

രാത്രി 12 മണിയോടെയാണ് മാമത്തുണ്ടായ വാഹനാപകടത്തില്‍ ഇരുവരും മരിച്ചതായി പൊലീസ് ബന്ധുക്കളെ അറിയിച്ചത്.

 

സമൂഹമാധ്യമത്തിലെ പോസ്റ്റിനെക്കുറിച്ച് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് അപകടത്തെക്കുറിച്ച് വിശദമായി പൊലീസ് അന്വേഷിച്ചത്.

 

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ പ്രകാശിന്റെയും മകന്‍ 11 വയസുകാരന്‍ ശിവദേവിന്റെയും മരണം നൊമ്പരമായി മാറി. ടാങ്കര്‍ ലോറിയിലേക്ക്, സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറ്റിയാണ് പ്രകാശ് ജീവിതം അവസാനിപ്പിച്ചത്. അവസാന യാത്രയില്‍ മകനെയും കൂട്ടി. മകളോട് ക്ഷമാപണവും നടത്തി.

 

പ്രകാശ് എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പരാതി കൊടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങള്‍ കാര്യങ്ങള്‍ അറിയണമെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.

 

ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോള്‍ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.

 

ഭാര്യ ശിവകലയും അവരുടെ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി പ്രകാശ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബഹ്‌റിനിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി.

 

വിളപ്പില്‍ശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇവരുടെ ഫോട്ടോ സമൂഹമാധ്യമത്തില്‍ ഇട്ടശേഷം ഇവരാണ് എന്റെയും മക്കളുടേയും മരണത്തിനു കാരണക്കാരെന്നു കുറിച്ചതിനുശേഷമാണ് പ്രകാശ് മകനൊപ്പം ടാങ്കറിലേക്കു വാഹനം ഓടിച്ചു കയറ്റിയത്.

 

നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് മറികടന്നാണ് പ്രകാശ് ശിവകലയെ വിവാഹം കഴിച്ചത്.

 

താന്‍ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമാണെന്ന് പ്രകാശ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. അതു താന്‍ തന്നെ അനുഭവിച്ചു തീര്‍ക്കണം. തന്നെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകന്‍ അനീഷിനും അയാളുടെ സുഹൃത്തുക്കള്‍ക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

 

അമ്മയെയും സഹോദരങ്ങളെയും കണ്ട ശേഷമാണ് പ്രകാശ് മരണത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കരിപ്പൂരുള്ള അമ്മയെയും സഹോദരങ്ങളെയും കാണാന്‍ പ്രകാശ് എത്തിയത്.

 

സഹോദരങ്ങളുടെ മക്കള്‍ക്ക് പലഹാരങ്ങളും നല്‍കിയിരുന്നു. അമ്മയ്‌ക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ച ശേഷമാണ് യാത്ര പറഞ്ഞിറങ്ങിയത്. അത് പ്രകാശിന്റെയും മകന്റെയും അവസാന യാത്രയാണെന്ന് അമ്മയും സഹോദരങ്ങളും അറിഞ്ഞതേയില്ല.

 

 

OTHER SECTIONS