ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനമൊരുക്കി കെഎസ്ആര്‍ടിസി

By online desk.20 02 2019

imran-azhar

 

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ഭക്തര്‍ക്ക് മികച്ച സേവനമൊരുക്കി കെഎസ്ആര്‍ടിസി. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ കേരള പോലീസുമായി സഹകരിച്ചായിരുന്നു സര്‍വീസ് നടത്തിയത്. ഇതിനായി സിഎംഡി എം.പി. ദിനേശ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിശ്ചയിച്ച പ്രകാരം തന്നെ യഥാസമയം ബസുകള്‍ പുറപ്പെട്ടതോടെ വെറും ഒന്നര മണിക്കൂറിനകം നഗരം തിരക്കൊഴിഞ്ഞ് സാധാരണ നിലയിലായി. ഭക്തരെ സഹായിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും സംയുക്തമായി സഹായത്തിനുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഭക്തജനങ്ങള്‍ക്ക് പൊങ്കാലയ്ക്കായി എത്തിച്ചേരുന്നതിനുള്ള ബസ്സുകള്‍ മുന്‍കൂട്ടി ക്രമീകരിച്ചിരുന്നു. പൊങ്കാല ദിവസമായ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തിരുവനന്തപുരത്തേയ്ക്കും ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരുന്നു.

 

മറ്റു ജില്ലകളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പൊങ്കാല നിവേദ്യം കഴിഞ്ഞ ഉടന്‍തന്നെ പുറപ്പെട്ടു. കിഴക്കേകോട്ട, കമലേശ്വരം, കവടിയാര്‍, ഫോര്‍ട്ട് ഹൈസ്‌കൂള്‍, മരുതൂര്‍ക്കടവ്, അമ്പലത്തറ, വെള്ളയമ്പലം, പിഎംജി, സ്റ്റാച്യൂ, പാളയം, വഴുതക്കാട്, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ, ലോ കോളേജ് ജംഗ്ഷന്‍, ഫോര്‍ട്ട് ഹൈസ്‌കൂള്‍, കിള്ളിപ്പാലം, കരമന, മരുതൂര്‍കടവ്, ബേക്കറി ജംഗ്ഷന്‍, മോഡല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍, പാറ്റൂര്‍, ഉപ്പിലാമൂട് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നതിനായി 50 ഓഫീസര്‍മാരടക്കം 800ലധികം ജീവനക്കാരെ വിന്യസിച്ചിരുന്നു.

 

കേരള പോലീസുമായി സഹകരിച്ച് ഗതാഗതതടസ്സം ഉണ്ടാകാത്ത വിധത്തില്‍ സര്‍വീസ് നടത്തിപ്പ് സംവിധാനം കുറ്റമറ്റ രീതിയില്‍ വഹിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയിരുന്നു. പൊങ്കാല നിവേദ്യം കഴിഞ്ഞശേഷം നെയ്യാറ്റിന്‍കര, ഉരുട്ടമ്പലം കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ കിള്ളിപ്പാലം, മരുതൂര്‍ക്കടവ് എന്നിവിടങ്ങളില്‍നിന്നും തിരുവല്ലം, വിഴിഞ്ഞം ഭാഗങ്ങളിലേക്കുള്ള ബസുകള്‍ കമലേശ്വരത്തു നിന്നും പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ കിഴക്കേകോട്ട നോര്‍ത്ത് സ്റ്റാന്‍ഡില്‍നിന്നും എംസി റോഡ് വഴി കൊട്ടാരക്കരയ്ക്കും നാഷണല്‍ ഹൈവേ വഴി കൊല്ലം ഭാഗത്തേക്കും പോകുന്ന ബസ്സുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ, പനവിള, പിഎംജി എന്നിവിടങ്ങളില്‍നിന്നുമാണ് സര്‍വീസ് നടത്തിയത്.

 

യാത്രക്കാരുടെ കൂടുതല്‍ തിരക്ക് കണക്കിലെടുത്ത് കമലേശ്വരം, ഫോര്‍ട്ട് ഹൈസ്‌കൂള്‍, കിള്ളിപ്പാലം, കിഴക്കേകോട്ട, തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, മരുതൂര്‍ക്കടവ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, വെള്ളയമ്പലം, പനവിള, പിഎംജി, സ്റ്റാച്യൂ പാളയം എന്നിവിടങ്ങളില്‍ ആവശ്യത്തിനനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ ബസുകള്‍ ക്രമീകരിച്ചിരുന്നു. ബസ് പരിശോധനയ്ക്കായി വിജിലന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍മാരെ വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെമുതല്‍ സര്‍വീസുകള്‍ ഭക്തജനങ്ങളുടെ തിരക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുകളും നടത്തി.

 

ഇത്രയും ബൃഹത്തായ ഒരു സര്‍വ്വീസ് ഓപ്പറേഷന് സഹായിച്ച ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ എന്നിവരുടെ അര്‍പ്പണബോധം പ്രശംസനീയമാണെന്ന് സിഎംഡി ദിനേശ് പറഞ്ഞു. ഒരപകടം പോലും സംഭവിക്കാതെ ജനലക്ഷങ്ങള്‍ക്കിടയിലൂടെ സര്‍വ്വീസ് നടത്താന്‍ സാധിച്ചത് മികച്ച നേട്ടമാണ്. ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥര്‍, യൂണിറ്റ് അധികാരികള്‍, വര്‍ക്‌സ് മാനേജര്‍മാര്‍, ഡിപ്പോ എഞ്ചിനീയര്‍മാര്‍, ഓര്‍ഡിനറി ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരോടും ഉദ്യോഗസ്ഥരോടും തങ്ങളെ ഏല്‍പിച്ച കര്‍ത്തവ്യങ്ങള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിച്ചതിനുള്ള അഭിനന്ദനങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തി.

OTHER SECTIONS