അടിമയില്‍ നിന്ന് വിശുദ്ധനിലേയ്ക്ക്...

By Online desk .17 06 2019

imran-azhar

 

 

ഫാദര്‍ അഗസ്റ്റിന്‍ ടോള്‍ട്ടനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള കത്തോലിക്ക സഭ നടപടികള്‍ പുരോഗമിച്ചു വരികയാണ്. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന രണ്ട് അത്ഭുത പ്രവൃത്തികള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും. അങ്ങനെ വന്നാല്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ആദ്യ വിശുദ്ധന്‍ എന്ന പദവിയിലേക്കെത്തുന്ന ആളാകും അദ്ദേഹം. അടിമയായി ജനിച്ച് വൈദികനായ അഗസ്റ്റിന്‍ ടോള്‍ട്ടന്‍ നേരത്തേ തന്നെ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 7 പേരുടെ പുണ്യപ്രവൃത്തികളും സ്ത്രീകളായ 3 സ്പാനിഷ് അല്‍മായരുടെ രക്തസാക്ഷിത്വവും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെയാണ് ധന്യപദവി. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണു മാര്‍പാപ്പ കല്‍പന പുറപ്പെടുവിച്ചത്.

 

1854 ഏപ്രില്‍ 1-ന് അമേരിക്കയിലെ മിസോറിയില്‍ ജനിച്ച ജോണ്‍ അഗസ്റ്റീന്‍ ടോള്‍ട്ടന്റെ ഭൂതകാലം അടിമത്വത്തിന്റേതായിരുന്നു. പ്രമുഖ•ാരുടെ ചവിട്ടു തൊഴിയും കൊണ്ട ബാല്യം. അതിനു പുറമേ പഠിക്കാന്‍ അവസരമില്ലാത്ത അവസ്ഥ. ടോള്‍ട്ടന്റെ കുടുംബം ഈ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തന്നെ തീരുമാനിച്ചു. കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് യാത്ര തുടങ്ങാന്‍ തീരുമാനിച്ച ആദ്യ ഘട്ടത്തില്‍ തന്നെ ടോള്‍ട്ടന്റെ കുടുംബം പിടിയിലായി. തുടര്‍ന്ന് കങ്കാണിമാരുടെ ക്രൂരമര്‍ദ്ദനത്തിന് കൊച്ചു ടോള്‍ട്ടണും കുടുംബവും വിധേയരായി. 1962-ല്‍ അമേരിക്കയില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിനിടയില്‍ ടോള്‍ട്ടണ്‍ അമ്മയോടും സഹോദരിയോടുമൊപ്പം അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ടു.


പിന്നീട് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ച കുടുംബം പലയിടത്തായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ടോള്‍ട്ടണ്‍ റോമിലേക്ക് വൈദിക പഠനത്തിനായി പോയി. കാരണം, അദ്ദേഹത്തിന്റെ വംശം മൂലം അമേരിക്കന്‍ സെമിനാരിയില്‍ പഠിക്കുവാന്‍ അനുവാദം ലഭിച്ചിരുന്നില്ല. ആഫ്രിക്കയില്‍ മിഷനറിയായി വിടുമെന്നാണു പ്രതീക്ഷിച്ചതെങ്കിലും യുഎസിലേക്കു നിയോഗിക്കപ്പെടുകയായിരുന്നു. വൈദികനായശേഷവും അദ്ദേഹം വംശീയമായ പീഡനങ്ങള്‍ അനുഭവിച്ചു.

 

ഓരോ പീഡനങ്ങളും ടോള്‍ട്ടണിലെ ദൈവീകത ഉയര്‍ത്തുകയാണ് ചെയ്തത്. കറുത്ത വര്‍ഗ്ഗക്കാരുടെ മിശിഹയായി ടോള്‍ട്ടണ്‍ അറിയപ്പെട്ടു. അമേരിക്കയില്‍ തിരിച്ചെത്തി 1886-ല്‍ മിഷനറി പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹത്തിന് രാജകീയ പദവിയാണ് കറുത്ത വംശജര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ദൈവീകമായ അത്ഭുത പ്രവര്‍ത്തികള്‍ ടോള്‍ട്ടണില്‍ നിന്നുണ്ടാകുന്നതും ഇതിനു ശേഷമാണ്. 1897 ജൂലൈ ഒമ്പതിന് സൂര്യാഘാതം മൂലം അദ്ദേഹം മരണമടയുകയായിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 43 വയസ് മാത്രമായിരുന്നു പ്രായം. സുവിശേഷ പ്രചാര വേലക്കിടെയായിരുന്നു ആ മരണവും. 2011 ല്‍ അദ്ദേഹത്തെ ദൈവദാസനായി ഉയര്‍ത്തിയിരുന്നു.


വിദേശ മിഷനുകള്‍ക്കായുള്ള സഹോദരങ്ങളുടെ പൊന്തിഫിക്കല്‍ സഭാംഗമായ ഇറ്റലി സ്വദേശി ഫെലിചേ തന്താര്‍ദീനി, ദിവ്യകാരുണ്യ വൈദിക സഭാംഗമായ ഇറ്റലി സ്വദേശി ജൊവാന്നി നദിയാനി, ജപമാലയുടെ ഡൊമിനിക്കന്‍ സഹോദരിമാരുടെ സഭയുടെ സ്ഥാപക ഫിലിപ്പീന്‍സ് സ്വദേശി മരിയ ബെയാത്രിചേ റൊസാരിയോ, പുണ്യകന്യകമാതാവിന്റെ സന്ന്യാസസഭാ സമൂഹത്തിന്റെ സ്ഥാപക ഇറ്റലിക്കാരി മരിയ പാവുള മുസ്സേദു, കാരുണ്യത്തിന്റെ സഹോദരിമാരുടെ സ്ഥാപനത്തിലെ അംഗമായ ഇറ്റലിക്കാരി മരിയ സന്തീനാ കൊളാനി, ഇറ്റലിയിലെ ഇടവകവൈദികന്‍ ഫാ. എന്‍സോ ബൊസ്‌ക്കേത്തി എന്നിവരാണു ഫാ. ടോള്‍ട്ടണു പുറമേ ധന്യപദവിയിലേക്കുള്ള പടവുകള്‍ കയറുന്നത്.

OTHER SECTIONS