ഓസ്ട്രേലിയയില്‍ ഭരണമാറ്റം;ആന്റണി ആല്‍ബനീസ് പ്രധാനമന്ത്രിയാകും

By Priya.21 05 2022

imran-azhar

ഓസ്ട്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ലിബറല്‍ ദേശീയ സഖ്യത്തിന് തോല്‍വി.പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായ ആന്റണി ആല്‍ബനീസ്  പ്രധാനമന്ത്രിയാകും.ഓസ്ട്രേലിയയില്‍ 9 വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്.

 


തെരഞ്ഞെടുപ്പില്‍ താന്‍ പരാജയം സമ്മതിക്കുന്നതായി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും വരാനിരിക്കുന്ന പ്രധാനമന്ത്രിയുമായ ആന്റണി ആല്‍ബനീസുമായി താന്‍ സംസാരിച്ചുവെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും മോറിസണ്‍ സിഡ്നിയില്‍ പറഞ്ഞു.

 

ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് സ്ഥാനത്ത് നിന്ന് താന്‍ ഒഴിഞ്ഞുനില്‍ക്കുമെന്നും മോറിസണ്‍ അറിയിച്ചു. മോറിസന്റെ ലിബറല്‍ പാര്‍ട്ടി എട്ട് വര്‍ഷവും 9 മാസവുമാണ് രാജ്യം ഭരിച്ചത്. 55% വോട്ടുകള്‍ എണ്ണിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 72 സീറ്റും ലിബറല്‍ സഖ്യത്തിന് 50 സീറ്റുമാണ് ലഭിച്ചത്. ഗ്രീന്‍ പാര്‍ട്ടിയും സ്വതന്ത്രരും ഉള്‍പ്പെടെ മറ്റുള്ളവര്‍ 15 സീറ്റുകളില്‍ വിജയിച്ചു.151 അംഗ പ്രതിനിധിസഭയില്‍ 76 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യമുള്ളത്.

 

മുഴുവന്‍ വോട്ടുകളും എണ്ണിത്തീരുന്നതിന് മുന്‍പ് തന്നെ സ്‌കോട്ട് മോറിസണ്‍ തോല്‍വി സമ്മതിച്ചു. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ലേബര്‍ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞേക്കും.

 

 

OTHER SECTIONS