ചരിത്ര വിധി വന്നു; തർക്കഭൂമി ഹിന്ദുക്കൾക്ക്, മുസ്ലിംകൾക്ക് പകരം ഭൂമി നൽകും

By Chithra.08 11 2019

imran-azhar

 

ന്യൂ ഡൽഹി : 134 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഒടുവിൽ അയോദ്ധ്യയിൽ വിധിയായി. ഭൂമിയിൽ സുന്നി വഖഫ് ബോർഡിന്റെ അവകാശവാദം കോടതി തള്ളി. അയോദ്ധ്യയിലെ തർക്കഭൂമി ആർക്ക് ലഭിക്കും എന്ന വിഷയത്തിലായിരുന്നു പ്രധാനമായും വാദം കേട്ടത്. തുല്യതയും മതേതരത്വവും ഉയർത്തിപ്പിടിക്കും എന്ന് പറഞ്ഞാണ് വിധി പ്രസ്താവം ആരംഭിച്ചത്. മുസ്ലിം പള്ളി പണിയാനായി പകരം അഞ്ചേക്കർ ഭൂമി നൽകും. അയോദ്ധ്യയിൽ ക്ഷേത്രനിർമ്മാണത്തിനായി സർക്കാർ ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.

 

രഞ്ജൻ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഏകകണ്ഠമായാണ് ജഡ്ജിമാർ വിധി ഒപ്പിട്ടത്. വിധി പൂർണമായി വായിക്കാൻ അര മണിക്കൂർ വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിംകൾക്ക് പകരം ഭൂമി നൽകാനായി കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി കൊണ്ടുവരണമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇതിന് തീർപ്പുണ്ടാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

 

സുന്നി വഖഫ് ബോർഡുമായുള്ള കേസിലാണ് ആദ്യം വിധി പറഞ്ഞത്. ഇതിലാണ് സ്ഥലത്തിൽ ഇവരുടെ അവകാശവാദം തള്ളിയത്. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ടെന്നും എന്നാൽ രാമജന്മ ഭൂമിക്ക് നിയമവ്യക്തിത്വം ഇല്ലെന്നും ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ട് തള്ളിക്കളയാനാകില്ലെന്നും കോടതി നിർണായക നിരീക്ഷണം നടത്തിയിരുന്നു. രാവിലെ 10.30നാണ് കേസിൽ വിധി വായിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ മുന്നിൽക്കണ്ട് തർക്കഭൂമിയിലും രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സാമുദായിക സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ ഭടന്മാരെ നിയോഗിച്ചിരുന്നു.

രാജ്യമൊട്ടാകെ മുൾമുനയിൽ നിൽക്കവെയാണ് സുപ്രീം കോടതി രാജ്യം ഉറ്റുനോക്കിയ വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസിന്റെ സങ്കീർണത മനസിലാക്കിയാണ് അവധി ദിവസമായിട്ടും കേസിന്റെ വിധി വന്നിരിക്കുന്നത്.

OTHER SECTIONS