അയോധ്യ ; സുപ്രീംകോടതി സമിതി മുസ്ലിംവ്യക്തി നിയമബോര്‍ഡുമായി ചര്‍ച്ച നടത്തി

By online desk.21 07 2019

imran-azhar

 

 

ലഖ്നൗ: അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡുമായി ലഖ്നൗവില്‍ ചര്‍ച്ച നടത്തി. ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാനിയുമായിട്ടാണ് സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തിയത്. ലഖ്നൗവിലെ ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. സമിതി അധ്യക്ഷന്‍ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് എഫ് എം കലീഫുല്ല, അംഗം ശ്രീറാം പഞ്ചു എന്നിവരാണ് ചര്‍ച്ച നടത്തിയത്. സമിതിയിലെ മറ്റൊരു അംഗമായ ശ്രീശ്രീ രവിശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. മധ്യസ്ഥ ശ്രമം ആശങ്കയുണ്ടാക്കുന്നതാണ്. സമിതിക്ക് വേണ്ട സഹായം വ്യക്തി നിയമ ബോര്‍ഡ് ചെയ്യും. മറ്റു വഴികള്‍ തങ്ങളുടെ മുന്നില്‍ ഇല്ല. സുപ്രീംകോടതി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും മൗലാന വാലി റഹ്മാനി പറഞ്ഞു. വിവാദ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സമയപരിധി ജൂലൈ 31വരെ സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു, ജൂലൈ 31നകം മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് മധ്യസ്ഥ സമിതി കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. രണ്ടിന് കോടതി കേസ് വീണ്ടും വാദം കേള്‍ക്കും.


മധ്യസ്ഥ സമിതി വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജൂലൈ 11ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ ജൂലൈ 25 മുതല്‍ എല്ലാ ദിവസവും കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസംകേസ് പരിഗണിച്ച കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 31വരെ സമയം അനുവദിക്കുകയായിരുന്നു. ആദ്യ റിപ്പോര്‍ട്ട് മധ്യസ്ഥ സമിതി സമര്‍പ്പിച്ചു. ഇത് രഹസ്യമാക്കിവയ്ക്കുമെന്ന് കോടതി പറഞ്ഞു.

OTHER SECTIONS