അയോദ്ധ്യയിൽ വിധി ശനിയാഴ്ച: ക്രമസമാധാന നില ചീഫ് ജസ്റ്റിസ് വിലയിരുത്തി, അതീവ സുരക്ഷ

By online desk .08 11 2019

imran-azhar

 

 

ന്യൂ ഡൽഹി: അയോദ്ധ്യ കേസിൽ അന്തിമ വിധി ശനിയാഴ്ച പ്രഖ്യാപിക്കും. വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അതീവ സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന സാഹചര്യങ്ങള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേരിട്ട് പരിശോധിച്ചു. ഇന്ന് യു പി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ ജാഗ്രത നടപടികളും സ്വീകരിക്കാന്‍ യുപി സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസിലെ വിധി പറയുന്നതിന് മുമ്പ് ക്രമസമാധാന സ്ഥിതി വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് പ്രത്യേക യോഗം വിളിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ യു പി ചീഫ് സെക്രട്ടറി ആര്‍ കെ മാത്തൂരും ഡി.ജി.പി ഒംപ്രകാശ് സിംഗും അയോദ്ധ്യയിലെ ക്രമസമാധാന സ്ഥിതി വിശദീകരിച്ചു. ഏത് സാഹചര്യത്തെയും നേരിടാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി. 12,000 അര്‍ദ്ധ സൈനിക വിഭാഗങ്ങളെയാണ് സുരക്ഷക്ക് വിന്യസിച്ചിരിക്കുന്നത്. 20 താല്‍ക്കാലിക ജയിലുകളും സ്ഥാപിക്കും. സൈനികര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ 300 സ്്കൂളുകള്‍ ഏറ്റെടുക്കും. എല്ലാ ജില്ലകളിലും സമാധാന സമിതികള്‍ രൂപീകരിക്കും. വിധിക്ക് പിന്നാലെ ആഘോഷങ്ങള്‍ നടത്തുന്നതും നിരോധിച്ചു. പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്ത ആഴ്ചയിലായിരിക്കും വിധി വരിക. നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് അയോദ്ധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കാനായിരുന്നു 2010ലെ അലഹാബാദ് ഹൈക്കോടതി വിധി. അതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.

 

OTHER SECTIONS