ബാലഭാസ്‌കറിന്റെ മരണം: ഡ്രൈവറുടെയും ലക്ഷ്മിയുടെയും മൊഴിയില്‍ വൈരുധ്യം

By Online Desk.05 11 2018

imran-azhar

 

 

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴി പൊലീസിനെ വട്ടം കറക്കുന്നു. ഇരുവരുടെയും മൊഴിയില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തില്‍ അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അതേ സമയം ബാലഭാസ്‌കറുമായുള്ള ഏത് യാത്രയിലും ലക്ഷ്മി മുന്‍സീറ്റിലാണ് യാത്ര ചെയ്യാറുള്ളതെന്ന് ബന്ധുകള്‍ മൊഴി നല്കിയിട്ടുണ്ട്. തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മകളുടെ നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയത്തും മുന്‍സീറ്റിലായിരുന്നു ലക്ഷ്മി ഇരുന്നതെന്നും കൊല്ലത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് ഉറക്കം വന്നതിനെ തുടര്‍ന്ന് ബാലഭാസ്‌കര്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയതെന്നുമാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ വാഹനമോടിച്ചത് ഡ്രൈവര്‍ തന്നെയായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. ഇരുവരുടെയും മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നാണ് പൊലീസ് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇവരെ ഇന്ന് ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചു വരുത്തുമെന്നാണ് വിവരം. സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അപകടമുണ്ടാവുന്നത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഏകമകള്‍ തേജസ്വിനി ബാല(2) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നാള്‍ വെന്റിലേറ്ററിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ 3 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

 

OTHER SECTIONS