അന്വേഷണം വഴിതെറ്റുന്നു

By mathew.19 06 2019

imran-azhar

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതെറ്റുന്നു. അപകടം സ്വാഭാവികമോ, മനഃപൂര്‍വ്വമോ എന്ന നിഗമനത്തില്‍ എത്തിക്കും മുമ്പുതന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. വാഹനം ഓടിച്ചത് ആരെന്നു പോലും ഇതുവരെയും കണ്ടെത്തിയില്ല.
ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ ബാലുവാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുനും പറയുന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ അര്‍ജുനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം കിട്ടിയാലേ ഇയാളെ ചോദ്യം ചെയ്യാനാകൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതുവരെയും അയാളില്‍ നിന്ന് മൊഴിയെടുക്കാത്തത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഫലമാണോയെന്ന് സംശയിക്കുന്നതായി ബാലുവിന്റെ ബന്ധുക്കള്‍ പറയുന്നു.
അപകടം നടന്ന് ഇത്രയും നാള്‍ കഴിഞ്ഞിട്ടും പരിശോധനകള്‍ തുടരുന്നത് എന്തിനെന്നാണ് ബന്ധുക്കളുടെ ചോദ്യം. ഇത്രയും നാള്‍ കണ്ടെത്താത്ത കാര്യം ഇനിയെങ്ങനെ കണ്ടെത്താനാകുമെന്നും അവര്‍ ചോദിക്കുന്നു. അപകടത്തില്‍പ്പെട്ട കാര്‍ പൊടിയും മഴയും നനഞ്ഞ് മംഗലപുരം പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഫോറന്‍സിക് പരിശോധനാഫലം വൈകാന്‍ കാരണമെന്ത്?
അപകടം നടന്ന് ഇത്രയും നാളായിട്ടും ഫോറന്‍സിക് പരിശോധനയും രക്ത സാമ്പിള്‍ ശേഖരണവും അടക്കമുള്ളവ ഇത്രയും വൈകിപ്പിച്ചതിനു പിന്നിലും നിഗൂഢതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
അപകടസമയത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകളുടെ പരിശോധനാഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. ഏറെ വിവാദമായ കേസായിരുന്നിട്ടും ഇത്രയും നാള്‍ പരിശോധനാഫലം പുറത്തുവിടാത്തതിലും ദുരൂഹതയുണ്ട്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ബാലുവിന്റെ പിതാവ് ഉണ്ണിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ലോക്കല്‍ പൊലീസ് അന്വേഷിച്ച കാര്യങ്ങള്‍ യാതൊന്നും പരിശോധിക്കാന്‍ പോലും തയാറായിട്ടില്ല. അവരുടെ കണ്ടെത്തലുകള്‍ എന്താണെന്നു പോലും അന്വേഷിച്ചിട്ടില്ല.

അര്‍ജുനിനെ ചോദ്യം ചെയ്യാന്‍ ഫോറന്‍സിക് ഫലം വരെ കാക്കുന്നത് എന്തിന്?
അപകടസമയത്ത് വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നു തെളിയിക്കുന്ന രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുകഴിഞ്ഞു. എന്നിട്ടും അയാളെ ചോദ്യം ചെയ്യാന്‍ ശാസ്ത്രീയ പരിശോധനാഫലം കാത്തിരിക്കുന്നതും അന്വേഷണം വഴിതെറ്റിക്കാനാണോയെന്ന സംശയവും ബാലുവിന്റെ ബന്ധുക്കള്‍ക്കുണ്ട്. ഇയാളെ ചോദ്യംചെയ്താല്‍ കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. ആരുടെയോ ഇടപെടലാകാം അര്‍ജുനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പി, കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണു സോമസുന്ദരം എന്നിവരെ വിശദമായി ചോദ്യംചെയ്തിട്ടില്ല.
തമ്പി പറഞ്ഞ കാര്യങ്ങള്‍ അതേപടി കേട്ടശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോരുകയായിരുന്നു. ഡിആര്‍ഐയാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. അവരുടെ സാന്നിദ്ധ്യത്തിലുള്ള മൊഴിയെടുപ്പല്ല നടത്തേണ്ടതെന്നും അയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും ബന്ധുക്കള്‍ പറയുന്നു.

കീഴടങ്ങിയ വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാത്തത് എന്ത്?
ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജരായിരുന്ന വിഷ്ണുവില്‍ നിന്നും കേസുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ലഭിക്കും.
എന്നാല്‍, ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം കൊച്ചി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തമായി അറിയാവുന്ന ആള്‍കൂടിയാണ് വിഷ്ണു. ഈ വിവരം ക്രൈംബ്രാഞ്ചിനോട് ബാലുവിന്റെ പിതാവ് ഉണ്ണി മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല, വീട്ടുകാരുമായി ബാലു സഹകരിക്കാതിരിക്കാന്‍ ശ്രമിച്ചതിനു പിന്നിലും ഇയാളാണെന്ന് ആരോപണമുണ്ട്. പാലക്കാട് പൂന്തോട്ടത്തെ ആശുപത്രി ഇടപാടിനെ കുറിച്ചും വിഷ്ണുവിന് അറിയാം. അയാളെ കസ്റ്റഡിയിലെടുത്തു തന്നെ ചോദ്യം ചെയ്യണം.
അല്ലാതെ മൊഴിയെടുപ്പല്ല നടത്തേണ്ടതെന്നും ബാലുവിന്റെ ബന്ധുക്കള്‍ പറയുന്നു. കേസിന്റെ ആദ്യം മുതലേ പിതാവ് ഉണ്ണി ആരോപിക്കുന്ന ഒന്നാണ് സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന്.
ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നാളിതുവരെ നടത്തിയിട്ടില്ല. പൂന്തോട്ടത്തെ ഡോക്ടറുമായുള്ള അടുപ്പം വച്ച് ആശുപത്രി സ്ഥാപിക്കാന്‍ ബാലു 1.80 കോടി രൂപ നല്‍കിയെന്നാണ് കരാറുകാരന്‍ പറയുന്നത്. ആശുപത്രി നിര്‍മാണവുമായി ബന്ധപ്പെട്ട് 24 ലക്ഷം രൂപ കിട്ടാനുണ്ടെന്നു കാട്ടി ചെര്‍പ്പുളശേ്ശരി പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഈ വിവരമുള്ളത്. അതിനു പുറമെ ഡോക്ടറുടെ മകന്റെ പഠനച്ചെലവിനായി 30 ലക്ഷത്തോളം രൂപ വേറെയും കൊടുത്തിട്ടുണ്ട്. ബാലുവില്‍ നിന്ന് പ്രകാശന്‍ തമ്പിയും വിഷ്ണുവും ചേര്‍ന്ന് പലപ്പോഴായി പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അതുസംബന്ധിച്ച അന്വേഷണവും ഉണ്ടായിട്ടില്ല.

ബന്ധുക്കളുടെ മൊഴി പ്രത്യേകം രേഖപ്പെടുത്താത്തത് എന്തുകൊണ്ട്?
ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവരങ്ങള്‍ പല ഘട്ടങ്ങളിലായി ക്രൈംബ്രാഞ്ചിനെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.
എന്നിട്ടും അവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് മൊഴിയെടുക്കാത്തതിലും അവ്യക്തത നിലനില്‍ക്കുകയാണ്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് ബന്ധുക്കള്‍ നല്‍കിയിരുന്നത്. അതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല. ബിഗ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് പുനരന്വേഷണം ആരംഭിച്ചപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ആളാണ് കലാഭവന്‍ സോബി. അയാളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.
ആ സമയം അദ്ദേഹം നല്‍കിയ വിവരങ്ങള്‍ ഏറെ നിര്‍ണായകമായിരുന്നു. അത് അദ്ദേഹംതന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
അര്‍ദ്ധരാത്രിയില്‍ നടുറോഡിലെ ഡിജെ പാര്‍ട്ടിയെക്കുറിച്ചും അവിടെയുണ്ടായിരുന്ന കേരളത്തിലെ പ്രമുഖ ഗുണ്ടാ സംഘത്തെ കുറിച്ചും വ്യക്തമായി ക്രൈംബ്രാഞ്ചിന് സൂചന നല്‍കിയിരുന്നു.
അന്വേഷണത്തില്‍ ഒരുഘട്ടത്തില്‍ അവര്‍ എന്തിന് അവിടെ വന്നെന്നോ, അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നോ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ല. വാഹനത്തിന്റെ നമ്പര്‍ സഹിതമാണ് സോബി മൊഴി കൊടുത്തത്. എന്നാല്‍, ക്രൈംബ്രാഞ്ച് അതൊക്കെ വെറും മൊഴിയായി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു.

എന്തിനിത്ര ധൃതി?
ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാതെ ധൃതിപിടിച്ച് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. സ്വാഭാവിക അപകടമെന്നാണ് ലോക്കല്‍ പൊലീസ് പറഞ്ഞിരുന്നത്. ഈ വാദം ശരിവയ്ക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ചും എത്തിയതെന്നാണ് വിവരം.
എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ചില മേഖലകളിലേക്ക് അന്വേഷണം എത്താത്തതാണ് ബാലഭാസ്‌കറിന്റെ പിതാവിനും ബന്ധുക്കള്‍ക്കും സംശയം ഉയരാന്‍ കാരണം.

OTHER SECTIONS