ബാലഭാസ്‌കറിന്റെ വാഹനാപകടം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്‌

By mathew.20 06 2019

imran-azhar

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്. മൂന്നാംതവണയാണ് അപകടം പുനരാവിഷ്‌കരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും ബാലഭാസ്‌കര്‍ തൃശൂരില്‍ നിന്നും തിരിച്ചെന്ന് പറയുന്ന രാത്രി 11.30നായിരുന്നു ക്രൈംബ്രാഞ്ച് യാത്ര പുനരാരംഭിച്ചത്. തൃശൂരില്‍ ബാലു താമസിച്ച ഹോട്ടലില്‍ നിന്നായിരുന്നു യാത്ര. ഇന്നലെ രാവിലെ പത്തോടെ ക്രൈംബ്രാഞ്ചും മോട്ടോര്‍ വാഹന വകുപ്പും ഫോറന്‍സിക് ഉദ്യോഗസ്ഥരും, കാര്‍ മെക്കാനിക്കുമാരും ഇന്നോവ കമ്പനി അധികൃതരും സംയുക്തമായി അപകടത്തില്‍പ്പെട്ട കാര്‍ വിശദമായി പരിശോധിച്ചിരുന്നു. വാഹനം മംഗലപുരം പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. സംയുക്ത സംഘം ഇവിടെയെത്തി കാര്‍ പരിശോധിച്ച ശേഷമാണ് അപകടം പുനരാവിഷ്‌കരിച്ചത്. കാറില്‍ നിന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചു. വാഹനത്തിന്റെ അമിതവേഗതയാകാം അപകടകാരണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക നിഗമനം. എങ്കിലും മറ്റു ശാസ്ത്രീയ വശങ്ങള്‍ കൂടി പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വാഹനം ഇവരെ ചെയ്‌സ് ചെയ്തു വന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ച് ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പും ഫോറന്‍സിക് ഉദ്യോഗസ്ഥരും, കാര്‍ മെക്കാനിക്കുമാരും ഇന്നോവ കമ്പനി അധികൃതരും ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറും. അതിനു ശേഷമേ മറ്റു കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ കലാകൗമുദിയോടു പറഞ്ഞു.
തൃശൂര്‍ ഭാഗത്തു നിന്നും വന്ന ബാലഭാസ്‌കറിന്റെ ഇന്നോവ കാറിനു പകരം വെളുത്ത നിറത്തിലുള്ള ഇന്നോവ കാറാണ് ഓടിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ലാലാണ് വാഹനം ഓടിച്ചത്.
തൃശൂര്‍ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ഒരു കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് ബാലഭാസ്‌കറിന്റെ കാറിടിച്ച മരത്തിനു തൊട്ടടുത്ത് ബ്രേക്കിട്ട് നിന്നു. ശേഷം വേഗത കുറച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കരുതിയാണ് വേഗത കുറച്ചത്. സ്റ്റിയറിങിന്റെ സ്ഥാനം മാറ്റാതെ മരത്തില്‍ മുട്ടിച്ചു. മരത്തിലിടിച്ചാല്‍ എത്രത്തോളം നാശനഷ്ടമുണ്ടാകും, അമിതവേഗതയില്‍ വന്നാല്‍ വാഹനം എതിര്‍വശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. വിവിധ രീതികളില്‍ ഈ പരീക്ഷണം നടത്തി. എറണാകുളത്തു നിന്നെത്തിയ ഇന്നോവ കമ്പനി അധികൃതരും വാഹനത്തിലുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ വാഹനം കെഎസ്ആര്‍ടിസി ബസിനെ മറികടെന്നത്തിയാണ് മരത്തിലിടിച്ചതെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണു ബസിനെ മറികടന്നുള്ള അപകടരംഗം പുനരാവിഷ്്കരിച്ചത്. ദേശീയപാത വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസിനെ മറികടന്നാണ് ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പമുണ്ടായിരുന്ന മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍ വാഹനം മരത്തിനടുത്തേക്ക് ഓടിച്ചു കയറ്റിയത്.

 


ബാലഭാസ്‌കറിന്റെ അവസാന യാത്ര അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. തൃശൂരില്‍ നിന്ന് രാത്രി 11.30നാണ് ബാലഭാസ്‌കറും കുടുംബവും യാത്ര തിരിച്ചത്. കാറോടിച്ചത് അര്‍ജുന്‍. പുലര്‍ച്ചെ 1.08ന് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ കാര്‍ തെളിയുമ്പോള്‍ മണിക്കൂറില്‍ 94 കിലോമീറ്റര്‍ വേഗം. പുലര്‍ച്ചെ 3.45നാണ് കാര്‍ പള്ളിപ്പുറത്ത് അപകടത്തില്‍പ്പെടുന്നത്. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വേണ്ടിവത് 2.37 മണിക്കൂര്‍. അപകട സമയത്ത് കാറോടിച്ചത് ആരാണെതിനെ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാറോടിച്ചത് അര്‍ജുനാണെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി. കാറോടിച്ചത് താനാണെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റി. ദൃക്‌സാക്ഷി മൊഴികളിലും പൊരുത്തക്കേടുകളുണ്ട്. ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കഴിഞ്ഞയാഴ്ച ഫൊറന്‍സിക് സംഘം അപകടം നടന്ന സ്ഥലവും കാറും പരിശോധിച്ചിരുന്നു. ഇന്നലെ പുതിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണനാണ് അന്വേഷണ ചുമതല. ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയമുണ്ടെന്നും ദുരൂഹത മാറ്റണമെന്നുമാണ് പിതാവ് ഉണ്ണിയുടെ ആവശ്യം. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്.

 

 

OTHER SECTIONS