By Maya Devi V..18 01 2021
കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ മെയില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. സുവേന്ദു അധികാരിയാണ് നിലവില്‍ നന്ദിഗ്രാമിനെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഇയാള്‍ ബിജെപിയിലേക്ക് ചേക്കേറി.
നന്ദിഗ്രാം തന്റെ ഭാഗ്യ മണ്ഡലമാണെന്നും മമത പറഞ്ഞു. നഗരത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. താന്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. നന്ദിഗ്രാമിന് പുറമെ കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ നിന്നും ജനവിധി തേടും.
നന്ദിഗ്രാമില്‍ അവര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജനവിധി നേടിയ മമതയ്ക്ക് ആ പോരാട്ടങ്ങള്‍ സമ്മാനിച്ചത് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കുള്ള വിജയമായിരുന്നു. അന്നത്തെ ഭരണകക്ഷിയായിരുന്ന ഇടതുപക്ഷത്തെ തറ പറ്റിച്ച് മമത അധികാരം പിടിച്ചെടുത്തു.
2007ല്‍ ഇടതു സര്‍ക്കാര്‍ അനുമതി നല്കിയ സെസ് പദ്ധതിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പതിനാല് പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ മാ, മാട്ടി, മാനുഷ് എന്ന മുദ്രാവാക്യവുമായാണ് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
നന്ദിഗ്രാമിലേക്കുള്ള മുഖ്യമന്ത്രിയുടെ മടങ്ങി വരവ് സുവേന്ദു അധികാരിക്ക് വലിയ ഭീഷണിയാണ്. അത് കൊണ്ട് തന്നെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അദ്ദേഹം രംഗത്തിറങ്ങി. ഇതിന് പുറമെ പാര്‍ട്ടി നേതാക്കളെ പലരെയും തന്റെ ഒപ്പം കൂട്ടി ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ നടന്ന മഹാസമ്മേളത്തില്‍ വച്ച് അവര്‍ ബിജെപിയില്‍ അംഗത്വവും എടുത്തു. 2007ല്‍ മമതയും സുവേന്ദുവും ഒന്നിച്ച് നിന്നാണ് നന്ദിഗ്രാം ഇടതില്‍ നിന്ന് പിടിച്ച് വാങ്ങിയതും തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതും.
നന്ദിഗ്രാം പോരാട്ടത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുത്ത നേതാവാണ് സുവേന്ദു അധികാരി. കഴിഞ്ഞ തവണയും വലിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹമില്ലാതെ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മമതക്ക് വലിയ അഗ്നിപരീക്ഷയാകും. തന്റെ വിശ്വസ്തരില്‍ പ്രധാനി ബിജെപിയുടെ പ്രധാന മുഖമാകുന്നതും ക്ഷീണം തന്നെയാണ്.