കുഞ്ഞനന്തന്‍ നായര്‍ അങ്ങനെ ബെര്‍ലില്‍ കുഞ്ഞനന്തന്‍ നായരായി! മൂന്നു പതിറ്റാണ്ട നീണ്ട പത്രപ്രവര്‍ത്തനം

By Web Desk.09 08 2022

imran-azhar

 


കണ്ണൂര്‍: ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 1962 ജനുവരി മുതല്‍ 1992 വരെ മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ് വാരികയുടെയും ദേശാഭിമാനി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യന്‍ ലേഖകനായി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിന്‍ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു.

 

ബര്‍ലിന്‍ മതില്‍ പൊളിയുകയും യൂറോപ്യന്‍ കമ്മ്യൂണിസം വെറും ഗ്രന്ഥങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെ കുഞ്ഞനന്തന്‍ നായര്‍ കേരളത്തിലേക്ക് തിരിച്ചുവന്നു. ഇതോടെയാണ് പേരിനൊപ്പം ബര്‍ലിന്‍ എന്നതും കൂടിചേര്‍ന്നത്. നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി.

 

കണ്ണൂര്‍ നാറാത്ത് സ്വദേശിയായ കുഞ്ഞനന്തന്‍ നായര്‍ പന്ത്രണ്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ.നായനാര്‍ക്കൊപ്പമാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഇഎംഎസിനും എകെജിയ്ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു.

 

കണ്ണൂരിലെ ചെറുകുന്നില്‍ കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി.സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും തേഡ്ഫോറത്തില്‍ കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും ഫോര്‍ത്ത് ഫോറം മുതല്‍ പത്താം ക്ലാസ്സുവരെ ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

 

രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

 

1943 മേയ് മാസത്തില്‍ ബോംബെയില്‍ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. പി. കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിര്‍ദ്ദേശിച്ചത് കുഞ്ഞനന്തനേയായിരുന്നു.

 

പതിമ്മൂന്നാം വയസ്സുമുതല്‍ ബാലസംഘത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യസംഘടനയിലും പാര്‍ട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തന്‍ നായര്‍. 1957-ല്‍ ഇ.എം.എസ്. മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിതല സെക്രട്ടറിയായും 1961-ലെ അമരാവതി സത്യാഗ്രഹകാലത്ത് എ.കെ.ജി.യുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

OTHER SECTIONS