മദ്യം ബുക്ക് ചെയ്യാം, ബെവ് സ്പിരിറ്റിലൂടെ, എവിടെയിരുന്നും, ഈസിയായി

By RK.16 09 2021

imran-azhar

 


തിരുവനന്തപുരം: മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഔട്ലെറ്റുകളില്‍ നടപ്പാക്കിയതായി ബവ്റിജസ് കോര്‍പറേഷന്‍. ഇതിനായി ഔദ്യോഗിക വെബ്സൈറ്റില്‍ ബെവ് സ്പിരിറ്റ് എന്ന പേരില്‍ പുതിയ പ്ലാറ്റ്ഫോം സജ്ജീകരിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാം.

 

എവിടെയിരുന്നും ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യാനാകും. ഓഗസ്റ്റ് 17 ന് ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഇന്നലെവരെ 27 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. പരാതികള്‍ ksbchelp@gmail.com ലോ, 9946832100 എന്ന നമ്പറിലോ അറിയിക്കാം.

 

ബവ്റിജസ് കോര്‍പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.ksbc.co.in എന്നതാണ്. ഗൂഗിള്‍ ഉള്‍പ്പെടെ ഏതെങ്കിലും സേര്‍ച് എന്‍ജിന്‍ വഴി സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ മുകള്‍ ഭാഗത്ത് 'ഓണ്‍ലൈന്‍ ബുക്കിംഗ്' എന്ന ബട്ടനുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ 'ബെവ് സ്പിരിറ്റ്' എന്ന പ്ലാറ്റ്ഫോം പേജിലെത്തും. ആദ്യത്തെ ഇടപാടിന് മാത്രം രജിസ്ട്രേഷന്‍ ആവശ്യമാണ്.

 

ബെവ് സ്പിരിറ്റ് പേജില്‍ മൊബൈല്‍ നമ്പറും പേജില്‍ ദൃശ്യമാകുന്ന സുരക്ഷാ കോഡും നല്‍കണം. മൊബൈല്‍ നമ്പറില്‍ വണ്‍ ടൈം പാസ്വേഡ് ലഭിക്കും. ഇത് പേജില്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ പേജ് തുറക്കും. ഇവിടെ പേര്, ഇമെയില്‍ ഐഡി, ജനനത്തീയതി എന്നിന നല്‍കി രജിസ്റ്റര്‍ ചെയ്യണം. പിന്നീടുള്ള ഓരോ തവണയും മൊബൈല്‍ നമ്പറും സുരക്ഷാ കോഡും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യാം. ജനനത്തീയതി നല്‍കുമ്പോള്‍ 23 വയസ്സിന് താഴെയാണെങ്കില് ബുക്കിംഗ് അപ്പോള്‍ത്തന്നെ റദ്ദാക്കും. ഈ പ്രായത്തിന് മുകളിലുള്ളവര്‍ക്കേ മദ്യം ബുക്ക് ചെയ്യാന്‍ അനുമതിയുള്ളൂ.

 

ജില്ല തിരഞ്ഞെടുക്കുമ്പോള്‍, ഔട്ലെറ്റുകളുടെ പട്ടിക ലഭിക്കും. ഇഷ്ടമുള്ളത് തിരഞ്ഞെടുത്താല്‍ ഏത് ഇനം മദ്യം വേണമെന്ന ചോദ്യം വരും. ബ്രാന്‍ഡും അളവും തിരഞ്ഞെടുക്കാം. വിലയും ദൃശ്യമാവും. ബുക്കിംഗ് പൂര്‍ത്തിയായാല്‍ പേയ്മെന്റ് ഗേറ്റ് വേയിലേക്ക് കടക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെ മാര്‍ഗ്ഗങ്ങള ിലൂടെ പേയ്മെന്റ് നടത്താം. പേയ്മെന്റ് വിജയകരമായാല്‍ ഫോണില്‍ ഒരു കോഡ് ഉള്‍പ്പെടെ സന്ദേശം ലഭിക്കും. ഇതുമായി തിരഞ്ഞെടുത്ത ഔട്ലെറ്റില്‍ എത്തുമ്പോള്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം ലഭിക്കും. 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാല്‍ മതി.

 

 

 

 

 

OTHER SECTIONS