പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

By സൂരജ് സുരേന്ദ്രന്‍.26 11 2021

imran-azhar

 

 

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

 

പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

 

1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം.

 

അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു. യഥാർത്ഥ പേര് ബി ശിവശങ്കരൻ നായർ എന്നായിരുന്നു. നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ചു. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ ബിച്ചു തിരുമലയുടെ തൂലികയില്‍ പിറന്നു.

 

എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.

 

OTHER SECTIONS