എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ബിനോയ് കോടിയേരി ഹൈക്കോടതിയില്‍

By mathew.22 07 2019

imran-azhar


മുംബൈ: യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഇന്ന് ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ബിനോയിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരിയുടെ പ്രധാന വാദം. കൂടാതെ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. പോലീസ് ആവശ്യപ്പെട്ട ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് ഹാജരാകണമെന്ന് സെഷന്‍സ് കോടതി നേരത്തെ പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

 

OTHER SECTIONS