ഒടുവിൽ ഫ്രാങ്കോ മുളയ്ക്കലിന് കൈവിലങ്ങിട്ടു; തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

By Sarath Surendran.21 09 2018

imran-azhar
തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ ലൈംഗികമായിപീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

വൈക്കം കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെയാകും ബിഷപ്പിനെ ഹാജരാക്കുന്നത്. കോടതി സമയം കഴിഞ്ഞാൽ പാലാ മജിസ്ട്രേറ്റിന് മുന്നിലായിരിക്കും ഹാജരാക്കുക. അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ മുൻകൂറായി തന്നെ തയ്യാറാക്കിയിരുന്നു.

 

ഇന്ന് രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തിയിരുന്നു. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ഉള്ളതിനാൽ അടുത്ത നടപടിയായി അറസ്റ്റിലേക്ക് കടക്കാൻ തയ്യാറായിത്.


ഇന്ന് ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹോട്ടലില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ അറസ്റ്റിനെ പറ്റിയുള്ള സൂചനകൾ ബിഷപ്പിന്റെ കേന്ദ്രങ്ങളോട് പോലീസ് അറിയിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും തമ്മിൽ കൂടുതൽ വ്യക്തത വരുത്താനായിരുന്നു കന്യാസ്ത്രീയുടെ മൊഴി അന്വേഷണ സംഘം വീണ്ടും എടുത്തത്.

 

 

OTHER SECTIONS