കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 15ല്‍ 12 സീറ്റുകളിലും മുന്നേറ്റം നടത്തി ബിജെപി

By online desk.09 12 2019

imran-azhar

 


ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ 15ല്‍ 12 സീറ്റുകളിലും ബിജെപി മുന്നേറ്റം. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാരംഭിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം ചെയ്തും ആഘോഷം ആരംഭിച്ചിരിക്കുകയാണ്.

 

ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും വലിയ തിരിച്ചടിയാകും.

 

തെരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമതരെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികളാക്കിയത്. ജയിക്കുകയാണെങ്കില്‍ ഇവരില്‍ പലരും മന്ത്രിമാരായേക്കാം. ആ ഉറപ്പിന്മേലാണ് വിമതരില്‍ പലരും ബിജെപിയിലേക്കെത്തിയത്.

 

ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ബിജെപി 12 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നിലുള്ളത്. ജെഡിഎസ് എവിടെയും ലീഡ് ചെയ്യുന്നില്ല.

 

OTHER SECTIONS