ഗുജറാത്തിൽ എംഎല്‍എയുടെ രാജിക്ക് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളില്‍ കൂട്ടരാജി; ബിജെപിയില്‍ പൊട്ടിത്തെറി

By online desk.24 01 2020

imran-azhar


 

അഹമ്മദാബാദ്: ഗുജറാത്തിലെ സാവ്‌ളി മണ്ഡലം എം.എല്‍.എ കേതന്‍ ഇനാംദാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് കൂട്ട രാജി. രാജിവെച്ച എംഎല്‍എക്ക് പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ രാജിവെച്ചു. ഇത് ബിജെപിയിൽ വലിയ പൊട്ടിത്തെറി ആണ് ഉണ്ടാക്കിയിരിക്കുന്നത്. സാവ്‌ളി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബി.ജെ.പി നേതാക്കളാണ് ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് രാജി വെച്ചത്. സാവ്‌ളി മുനിസിപ്പല്‍ അധ്യക്ഷന്‍ കെ എച്ച് സേഥ്, ഉപാധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളും രാജി സമര്‍പ്പിച്ചു.

 

എംഎല്‍എയുടെ രാജി കൈവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം അനുനയ ചര്‍ച്ചകള്‍ തുടങ്ങി. കേതന്‍ ഇനാംദാറിനെ കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തുകയും പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. വഡോദര ഡെയറി അധ്യക്ഷനും മുന്‍ എംഎല്‍എയുമായ പാദ്ര ദിനേശ് പട്ടേല്‍, കാര്‍ഷികോല്‍പ്പന്ന വിപണന സമിതിയിലെ അംഗങ്ങളും പാര്‍ട്ടി സ്ഥാനം വഹിക്കുന്നവരും രാജിസമര്‍പ്പിച്ചു.

 

ഊര്‍ജമന്ത്രി സൗരഭ് പട്ടേലുമായുള്ള പ്രശ്നമാണ് ഇപ്പോഴത്തെ രാജിക്ക് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും തന്‍റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പറഞ്ഞാണ് കേതന്‍ ഇനാംദാര്‍ രാജിവെച്ചത്.

 

OTHER SECTIONS