ബിജെ പി - ശിവസേന ബന്ധം പൂർണമായി അവസാനിപ്പിക്കാൻ തീരുമാനം

By BINDU PP .23 Jul, 2018

imran-azhar

 

 


ന്യൂ ഡൽഹി  : ബിജെ പി - ശിവസേന ബന്ധം പൂർണമായി അവസാനിപ്പിക്കാൻ തീരുമാനം. ശിവസേനയെ ഒഴിവാക്കുന്നത് സംബന്ധിച്ച്‌ ഔപചാരികമായ തീരുമാനം ഉണ്ടായിട്ടില്ല എങ്കിലും കാര്യങ്ങള്‍ അതിലേക്കാണ് നീങ്ങുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തയാറെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ശിവസേന തയ്യാറായിരുന്നില്ല. അവര്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ബിജെപിയെ പിന്തുണയ്ക്കാതെ വിട്ടുനിന്നതിനു പിന്നാലെയാണ് ശിവസേനയുമായി കൂട്ടുവെട്ടാന്‍ അമിത് ഷാ തീരുമാനിച്ചതെന്നാണു സൂചന. കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതിനെയും ശിവസേന പ്രശംസിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഒറ്റയ്ക്കുള്ള മത്സരത്തിനു തയാറെടുക്കാന്‍ അമിത് ഷാ പ്രവര്‍ത്തകരോടു നിര്‍ദേശിച്ചത്.