രാജ്യസഭയില്‍ അംഗബലം വര്‍ധിപ്പിക്കാനൊരുങ്ങി ബിജെപി

By mathew.22 07 2019

imran-azhar


ന്യൂഡല്‍ഹി: രാജ്യസഭയില്‍ അംഗബലം വര്‍ധിപ്പിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. എതിര്‍പക്ഷത്തെ അംഗങ്ങളെ രാജിവെപ്പിച്ചോ അടര്‍ത്തിയെടുത്തോ ബി.ജെ.പി. പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണു ശ്രമം. മുത്തലാഖ്, പൗരത്വ ഭേദഗതി ബില്ലുകള്‍ സഭയില്‍ എത്തുന്നതിനു മുമ്പ് അംഗബലം ഇനിയും കൂട്ടാനാണ് കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ഈ നിര്‍ണായകബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുക.

245 അംഗ രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 78 അംഗങ്ങളാണുള്ളത്. വിവിധ പാര്‍ട്ടികളില്‍ നിന്നായി ഈയിടെ ചേക്കേറിയ അംഗങ്ങളുടെ എണ്ണം ഉള്‍പ്പെടെയാണിത്. തെലുഗുദേശം പാര്‍ട്ടിയിലെ നാല് അംഗങ്ങള്‍ കഴിഞ്ഞ മാസം ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. സമാജ്വാദി പാര്‍ട്ടി അംഗമായ നീരജ് ശേഖര്‍ കഴിഞ്ഞയാഴ്ച രാജ്യസഭാംഗത്വം രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു.

സമാജ്വാദി പാര്‍ട്ടിയില്‍ ഇനിയും അതൃപ്തരായ അംഗങ്ങളുണ്ടെന്നും ഇനിയും അംഗങ്ങള്‍ ബി.ജെ.പി.യിലേക്കെത്താന്‍ സാധ്യതയുണ്ടെന്നും നീരജ് ശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റ് പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചാല്‍ അവരെ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് ജയിപ്പിക്കാനാണു നീക്കം.

2020-ല്‍ എന്‍.ഡി.എ.യ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണു ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. എന്നാല്‍, അതിനുമുമ്പ് തന്നെ രാജ്യസഭയില്‍ എന്‍.ഡി.എ.യ്ക്ക് സുഗമമായ നില ലഭിക്കാന്‍ ഇരുപക്ഷത്തും പ്രത്യക്ഷമായി ചേരാതെ നില്‍ക്കുന്ന പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ബി.ജെ.ഡി., വൈ.എസ്.ആര്‍.കോണ്‍ഗ്രസ് പാര്‍ട്ടി, ടി.ആര്‍.എസ്. തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് വിഷയാധിഷ്ഠിത പിന്തുണയാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്.

മുത്തലാഖ്, പൗരത്വ ഭേദഗതി ബില്ലുകള്‍ എങ്ങനെയെങ്കിലും രാജ്യസഭയുടെ കടമ്പ കടത്തുക എന്നതാണ് ബി.ജെ.പി.യുടെ അജന്‍ഡ. ലോക്സഭയില്‍ അനായാസം പാസാകുമെങ്കിലും രാജ്യസഭയിലെ അംഗബലം പ്രധാന തടസ്സമാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും രാജ്യസഭയുടെ കടമ്പ കടക്കാന്‍ മുത്തലാഖ് ബില്ലിന് കഴിഞ്ഞില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുകയായിരുന്നു.

 

OTHER SECTIONS