ഘോഷയാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം; ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യുവാവിന് ഭീഷണി

By anju.14 Sep, 2017

imran-azhar

 


കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയില്‍ പിഞ്ചു കുഞ്ഞിനെ മണിക്കൂറുകളോളം വെയിലത്ത് കെട്ടിയിട്ട സംഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച യുവാവിന് ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ശ്രീകാന്ത് പ്രഭാകരന് നേരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഭീഷണി മുഴക്കി ഫോണ്‍ കോളുകള്‍ വന്നതെന്ന് ശ്രീകാന്ത് പറയുന്നു.

 

ഇന്നലെ രാത്രി എട്ടിന് ശേഷമാണ് +31 തുടങ്ങിയ ആറക്ക നമ്പറുകളില്‍ നിന്നും ഫോണ്‍ കോള്‍ വന്നതെന്ന് ശ്രീകാന്ത് പറയുന്നു. പലരും അശ്ലീലച്ചുവയുള്ള തെറി വിളിച്ചതായി ശ്രീകാന്ത് പറയുന്നു. ഭീഷണി കാര്യം ചൂണ്ടിക്കാട്ടി ശ്രീകാന്ത് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഒറ്റയ്ക്ക് നടക്കാന്‍ പോലും പഠിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ വച്ച് സംഘടനകള്‍ മനുഷ്യത്വത്തിനു നിരക്കാത്തരീതിയില്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കതിനെ ചോദ്യം ചെയ്തതിനാണു നിങ്ങളുടെ ഈ ഭീഷണികളെങ്കില്‍ ചങ്ങായിമാരെ നിങ്ങള്‍ക്ക് ആളുമാറിപ്പോയെന്നും ശ്രീകാന്ത് പറയുന്നു.

 

കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലാണ് മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ ടാബ്ലോ ടെന്റില്‍ കെട്ടിയിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ശ്രീകാന്ത് കുട്ടിയുടെ ചിത്രം പകര്‍ത്തുകയും സംഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയുമായിരുന്നു. വെയില്‍ കത്തിനിന്ന സമയത്തായിരുന്നു നിരവധി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രയെന്ന് ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു.

 

ഇത്തരത്തിലൊരു ക്രൂരത സംബന്ധിച്ച് അറിയിക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ മോശമായ അനുഭവമായിരുന്നു. കുട്ടിക്കോ, രക്ഷിതാക്കള്‍ക്കോ പരാതിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇത്തരത്തില്‍ രണ്ടു മൂന്നു ഫോണുകള്‍ കൈമാറി ഒടുവിലെടുത്തയാള്‍ പറഞ്ഞത് അത് തങ്ങളുടെ കടമയല്ലെന്നും ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നുമായിരുന്നു. ഫോണ്‍ കട്ടു ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ മറ്റൊരാള്‍ വിളിച്ച് പരാതി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പറഞ്ഞു. പയ്യന്നൂര്‍ എസ്‌ഐ അടക്കമുള്ളവര്‍ അടുത്തുള്ളപ്പോഴാണ് ഈ സംഭവമെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല. സ്വമേധയാ കേസെടുത്തേക്കുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

 

 

OTHER SECTIONS