By mathew.11 11 2019
ലാ പാസ്: മൂന്നാഴ്ച നീണ്ട ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ബൊളീവിയയില്‍ പ്രസിഡന്റ് ഇവോ മൊറെയ്ല്‍സ് രാജിവെച്ചു. രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നാലാം തവണയും പ്രസിഡന്റായ മൊറെയ്ല്‍സ് തെരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയും നടത്തിയാണ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് ജനം തെരുവിലിറങ്ങുകയായിരുന്നു. ഇതുവരെ മൂന്ന് പേര് കൊല്ലപ്പെട്ടു. അന്താരാഷ്ട്ര നിരീക്ഷണ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് (ഒ.എ.എസ്.) തെരഞ്ഞെടുപ്പ് വിജയത്തിന്റെ സാധുത ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മൊറെയ്ല്‍സിന്റെ രാജി.
പുതിയ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷന് പിരിച്ചു വിടുകയും പാര്‍ലമെന്റ് നിര്‍ദേശിക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുതിയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യം മൊറെയ്ല്‍സ് വ്യക്തമാക്കിയിട്ടില്ല. 2006ലാണ് മൊറെയ്ല്‍സ് ആദ്യമായി ബൊളീവിയയില്‍ പ്രസിഡന്റായത്.
അതേസമയം, ഞായറാഴ്ച ബൊളീവിയയില്‍ നടന്ന പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ചാനലുകളായ ബൊളീവിയ ടെലിവിഷനും റേഡിയോ പാട്രിയ ന്യുവേയും പ്രക്ഷോഭകര്‍ പിടിച്ചെടുത്തു. ഇവയുടെ സംപ്രേഷണവും പ്രക്ഷേപണവും തടഞ്ഞു. ജീവനക്കാരെ ഇറക്കി വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.