By Anju N P.12 11 2018
റായ്പുര്‍: ഛത്തിസ്ഗഡില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ ബോംബ് സ്ഫോടനം. ദണ്ഡേവാഡയില്‍ തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപം മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും അപായമില്ല.
തെക്കന്‍ ജില്ലകളിലെ മാവോയിസ്റ്റ് ബന്ധമുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ്റ്റുകള്‍ ശക്തമായി രംഗത്തുണ്ട്.
വോട്ട് ചെയ്യുന്നതിനെതിരെ മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ്.
മാവോയിസ്റ്റ് ഭീഷണിയുള്ള10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.