മുലയൂട്ടി മാതൃത്വം നുണഞ്ഞ് ട്രാന്‍സ് വനിത

By Amritha AU.17 Feb, 2018

imran-azhar

 

ട്രാന്‍സ് വിഭാഗത്തിന് മികവുറ്റ സംഭാവന നല്‍കുകയാണ് ശാസ്ത്രം. സമൂഹത്തില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ടിരുന്ന വിഭാഗമാണ് ഒരു പക്ഷേ ഇനിമുതല്‍ മുലയൂട്ടി മാതൃത്വം നുണയുക. ലോകത്ത് ആദ്യമായി ട്രാന്‍സ് വനിതയ്ക്ക് ചികിത്സയിലൂടെ മുലയൂട്ടാന്‍ സാധിച്ചു. സ്‌ത്രൈണതയ്ക്കായുളള ഹോര്‍മോണ്‍ ചികിത്സയും പാലുല്‍പ്പാദിപ്പിക്കാനുളള മറ്റ് മരുന്നുകളും നല്‍കിയതോടെയാണ് ട്രാന്‍സ് വനിതക്ക് മുലയൂട്ടാന്‍ സാധിച്ചത്. തുടര്‍ച്ചയായ ആറാഴ്ചയായി കുഞ്ഞിനെ മുലയൂട്ടുകയാണ്. ചികിത്സയിലൂടെ ദിനംപ്രതി 227 ഗ്രാം മുലപ്പാല്‍ കുഞ്ഞിന് നല്‍കാന്‍ സാധിക്കുന്നുണ്ടെന്ന് ന്യൂ സയന്റിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍ത്തും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നേട്ടം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പൂര്‍ണതോതില്‍ പ്രത്യുത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് നയിക്കാനുളള വഴി തുറക്കുമെന്ന പ്രതീക്ഷയും ഇതിലൂടെ നല്‍കുന്നുണ്ട്.

 

 


മുപ്പത് കാരിയായ ട്രാന്‍സ് വനിതയാണ് ഇത്തരത്തില്‍ ഹോര്‍മോണ്‍ ചികിത്സയിലൂടെയും പാലുല്പാദനത്തിനുളള മരുന്നും കഴിച്ച് ലോകത്താദ്യായി മുലയൂട്ടിയത്. മൂന്നര മാസത്തെ ചികിത്സയാണ് ട്രാന്‍സ് യുവതിക്ക് ഇതിനായി വേണ്ടി വന്നത്. ഹോര്‍മോണ്‍ ചികിത്സ തുടങ്ങി ആദ്യമാസം മുതല്‍ തന്നെ അനുകൂല ഫലം കാണിച്ചിരുന്നു. മൂന്ന് മാസമായപ്പോള്‍ 227 ഗ്രാം മുലപ്പാല്‍ ഒരു ദിവസം ഉത്പാദിപ്പിക്കാന്‍ തുടങ്ങി.
ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചാല്‍ ട്രാന്‍സ് വനിതകള്‍ക്ക് ശാസ്ത്രലോകം നല്‍കുന്ന മികച്ച സംഭാവനയാകും. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കും മുലയൂട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഈ കണ്ടുപിടുത്തത്തിലൂടെ സാധിക്കും.

 

സ്‌ത്രൈണതായ്ക്കുളള ചികിത്സയിലൂടെ കടന്നുപോകുകയായിരുന്നു ഏറെ വര്‍ഷങ്ങളായി ഈ യുവതി. വൈദ്യശാസ്ത്രത്തിലെ അഭൂതപൂര്‍വ്വമായ നേട്ടമായാണ് ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറി വിഭാഗം ഡോ. തമാര്‍ റെയ്‌സ്മാന്‍ ഇതിനെ വിലയിരുത്തുന്നത്.