ചര്‍ച്ച പരാജയം: ബസ് സമരം തുടരും

By Online Desk .24 06 2019

imran-azhar

 

 

തിരുവനന്തപുരം: സമരം നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സ്വകാര്യബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബസുകളില്‍ പരിശോധന തുടരുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്നപേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അന്തഃസംസ്ഥാന ബസ്സുകളില്‍നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവെക്കണമെന്ന് ബസ് ഉടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് നിര്‍ത്തിവെക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗതമന്ത്രി മുന്നോട്ടുവച്ചുവെങ്കിലും ബസ് ഉടമകള്‍ അംഗീകരിച്ചില്ല.

 

സമരം കണക്കിലെടുത്ത് സര്‍വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി രംഗത്തെത്തിയിട്ടുണ്ട്. അതിനു പുറമെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ടും യാത്രക്കാര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തി. നാല് അധിക സര്‍വീസുകളാണ് കര്‍ണാടക നടത്തുക. ബെംഗളൂരില്‍ നിന്ന് എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് നാല് സര്‍വീസുകള്‍.

 

അതേമസയം അന്തര്‍സംസ്ഥാന സ്വകാര്യബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. ജസ്റ്റീസ് എം രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്‍ നാലു പേജുളള ഇടക്കാല റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാള്‍ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാന്‍ ബസുടമകളെ അനുവദിക്കരുതെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തരം ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാന്‍ സമഗ്രമായ റിപ്പോര്‍ട്ടും വൈകാതെ തയ്യാറാക്കുമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ അറിയിച്ചു.

 

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്നപേരില്‍ നടത്തുന്ന പരിശോധനയില്‍ അനാവശ്യമായി പിഴ ചുമത്തുന്നുവെന്നാരോപിച്ചാണ് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. യാത്രക്കാരുടെ പരാതികള്‍ കാരണം അന്തസ്സംസ്ഥാനബസ്സുകളില്‍ മോട്ടോര്‍വാഹനവകുപ്പ് അടുത്തിടെ പരിശോധന കര്‍ശമാക്കിയിരുന്നു. തുടര്‍ച്ചയായി നിയമം ലംഘിക്കുകയും പിഴയടയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ബസ്സുകള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്ക് നൂറിലേറെ അന്തസ്സംസ്ഥാന സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സമരം നേരിടാന്‍ സര്‍ക്കാര്‍തലത്തില്‍ കാര്യക്ഷമമായ നടപടിവേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

OTHER SECTIONS