ഡല്‍ഹിയില്‍ അക്രമത്തിനിടെ വാഹനങ്ങള്‍ കത്തിച്ചത് പൊലീസെന്ന് ആരോപണം; ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

By online desk.15 12 2019

imran-azhar


ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ ഇടപെടലെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പൊലീസുകാര്‍ തന്നെയാണ് വാഹനങ്ങളുടെ നേര്‍ക്ക് അക്രമം നടത്തുകയും അവ കത്തിക്കുകയും ചെയ്തതെന്ന് സ്ഥലത്തുണ്ടായിരുന്ന ചില ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

 

കന്നാസുകളില്‍ മണ്ണണ്ണ നിറച്ചെത്തിയ പൊലീസ് സ്റ്റേറ്റ് ബസുകള്‍ക്ക് മേല്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. സമരം ചെയ്തിരുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

അക്രമ സംഭവങ്ങളില്‍ പങ്കില്ലെന്നും അക്രമരഹിതവും സമാധാനപരവുമായ സമരമാണ് നടത്തിയതെന്നും വിദ്യാര്‍ഥി സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ഇടപടല്‍ നടന്നതായും പ്രസ്താവനയില്‍ ആരോപിക്കുന്നു.

 

OTHER SECTIONS