ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് 24 ആഴ്ചയായി ഉയർത്തി കേന്ദ്രസർക്കാർ

By online desk.29 01 2020

imran-azhar

 

ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള ഉയർന്ന സമയ പരിധി നിലവിലെ 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി കേന്ദ്രമന്ത്രിസഭ. ഇന്ന് നടന്ന കേന്ദ്രമന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നൽകി.
1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് ഭേദഗതി ചെയ്യുന്നതിനായി 2020 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.

 

സ്വന്തം തീരുമാനപ്രകാരം ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാൻ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തിൽ സ്വതന്ത്രമായും സുരക്ഷിതമായും ഗർഭം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ് ഈ ബില്ലെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

 

ബലാൽസംഗത്തിന് ഇരയായവർ, വൈകല്യമുള്ള പെൺകുട്ടികൾ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ ഗർഭച്ഛിദ്രം 24 ആഴ്ച വരെ നീട്ടുന്നത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ആറ് മാസം പെൺകുട്ടിയ്ക്ക് ഗർഭാവസ്ഥയെക്കുറിച്ച് അറിവില്ലായിരുന്നു എന്ന തരത്തിലുള്ള സാഹചര്യവും കേസുകളും നിരവധി വരാറുണ്ട്. അവിടെയെല്ലാം പെൺകുട്ടികൾക്ക് ഗർഭം അവസാനിപ്പിക്കാൻ അനുമതി തേടി കോടതി കയറേണ്ട സ്ഥിതിയാണ്.

 

നിരവധി ആരോഗ്യപ്രവർത്തകരുമായും വിദഗ്‍ധഡോക്ടർമാരുമായും ചർച്ച നടത്തി വിശദമായ പരിശോധന നടത്തിയ ശേഷമാണ് കേന്ദ്രസർക്കാർ ഈ തീരുമാനത്തിലെത്തിയതെന്നും പുരോഗമനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

 

 

OTHER SECTIONS