സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന്

By Anju N P.22 Nov, 2017

imran-azhar

 

സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും. ബഹിഷ്കരണത്തില്‍ മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ അതൃപ്തി ഇന്നത്തെ യോഗത്തില്‍ പ്രകടിപ്പിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അതേസമയം ഫോണ്‍കെണി വിവാദത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തിന്‍റെ പ്രാഥമിക പരിഗണനക്ക് വന്നേക്കും.

 

എ കെ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോണ്‍കെണി വിവാദം അന്വേഷിച്ച പി എസ് ആന്‍റണി കമ്മീഷന്‍ ഇന്നലെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്. എ കെ ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നും സര്‍ക്കാര്‍ ഖജനാവിന് വരുത്തിയ നഷ്ടം ചാനലില്‍ നിന്ന് ഈടാക്കണമെന്നുമടക്കമുള്ള ശുപാര്‍ശകള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരികെ വരാനുള്ള സാഹചര്യം പോലും ഒരുക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കുമെന്നാണ് സൂചന. 

 

അതേസമയം തോമസ് ചാണ്ടി മന്ത്രിസഭയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സിപിഐയുടെ നാല് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നതിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗമാണ് ഇന്ന്. കഴിഞ്ഞ ബുധനാഴ്ച നടന്ന യോഗത്തില്‍ പങ്കെടുക്കാത്തതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന് ഇ ചന്ദ്രശേഖരന്‍ രേഖാമൂലം അറിയിച്ചെങ്കിലും മുഖ്യമന്ത്രി പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

OTHER SECTIONS